റിയാദിലെ പുതിയ വിമാനത്താവളവും സഊദിയിലെ പുതിയ വിമാന കമ്പനിയും ഉടൻ യാഥാർഥ്യമാകും

0
1038

റിയാദ്: സഊദി തലസ്ഥാന നഗരമായ റിയാദിൽ ഉയരുന്ന പുതിയ വിമാനത്താവളത്തെ കുറിച്ചും പുതിയ ദേശീയ വിമാനക്കമ്പനിയെ കുറിച്ചും വ്യക്തമാക്കി ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി എൻജിനീയർ സാലിഹ് അൽ-ജാസർ. പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സഊദി ട്രാൻസ്‌പോർട്ട് ആൻഡ് ലോജിസ്റ്റിക്‌സിന്റെ ദേശീയ തന്ത്രം അദ്ദേഹം വ്യക്തമാക്കിയത്. സഊദി വിഷന്റെ ഭാഗമായാണ് റിയാദിൽ പുതിയ അത്യാധുനിക വിമാനത്താവളവും സഊദി അറേബ്യക്ക് പുതിയ ദേശീയ വിമാന കമ്പനിയും വരുന്നത്.

സഊദി ദേശീയ വിമാന കമ്പനിയായ സഊദി അറേബ്യൻ എയർലൈൻസിന്റെ ശ്രദ്ധ ജിദ്ദയിലായിരിക്കും. 250 പുതിയ ലക്ഷ്യസ്ഥാനങ്ങൾ സ്ഥാപിക്കാനും 330 ദശലക്ഷം യാത്രക്കാർക്ക് ഗതാഗതം നൽകാനുമാണ് തന്ത്രം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കിരീടാവകാശിയുടെ ലാൻഡ് ബ്രിഡ്ജ് പദ്ധതി നടപ്പിലാക്കാൻ ഒരു അന്താരാഷ്ട്ര കൺസോർഷ്യത്തെ നിയോഗിക്കും. ഇത് ലോജിസ്റ്റിക് മേഖലയിൽ അദ്‌ഭുതമായ കുതിച്ചുചാട്ടമായിരിക്കും ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.

നോർത്ത് ട്രെയിനിന്റെ ആദ്യ പാസഞ്ചർ സർവീസ് ഈ മാസം അവസാനത്തോടെ അൽ-ഖുറയ്യാത്തിൽ നിന്ന് ആരംഭിക്കുമെന്നും ജോർദാൻ അതിർത്തികൾ വരെ റെയിൽ കണക്റ്റിവിറ്റി എത്തിക്കുന്നതിന് ഇത് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. പൗരന്മാർക്ക് ആദ്യമായി അവരുടെ കാറുകൾ ട്രെയിൻ വഴി കൊണ്ടുപോകാൻ കഴിയും, അദ്ദേഹം ചൂണ്ടിക്കാട്ടി.