റിയാദ്: സന്ദർശന വിസകളെ റസിഡൻസി പെർമിറ്റായി (ഇഖാമ) മാറ്റാൻ അനുവദിക്കില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) ആവർത്തിച്ചു. വിസിറ്റ് വിസ ഫീസ് അടച്ച് പെർമനന്റ് വിസയാക്കി മാറ്റാമെന്ന സോഷ്യൽ മീഡിയ റിപ്പോർട്ടുകൾക്കിടയിലാണ് പ്രാദേശിക മാധ്യമങ്ങളോട് ജവാസാത്ത് വൃത്തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചില സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റ് അക്കൗണ്ടുകളുടെ അവകാശവാദങ്ങൾ ജവാസാത്ത് നിഷേധിച്ചു. സന്ദർശന വിസ ഫീസ് ഈടാക്കി റെസിഡൻസി പെർമിറ്റാക്കി മാറ്റാമെന്നാണ് പ്രചരിക്കുന്ന വാർത്തകൾ. എന്നാൽ, അത്തരം അവകാശവാദങ്ങൾ അസത്യവും അടിസ്ഥാനരഹിതവുമാണെന്ന് ജവാസാത്ത് പറഞ്ഞു.
സഊദിയിലെ നിലവിലെ ഔദ്യോഗിക നിർദ്ദേശങ്ങൾ അനുസരിച്ച് വിസിറ്റ് വിസയെ ഇഖാമയാക്കി മാറ്റാൻ അനുവദിക്കുന്നില്ല. സന്ദർശന വിസകൾ സംബന്ധിച്ച് പുതിയ തീരുമാനമോ നിർദ്ദേശങ്ങളോ പുറപ്പെടുവിച്ചാൽ അത് ഔദ്യോഗിക ചാനലുകൾ വഴി ഉടൻ അറിയിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സന്ദർശന വിസയിൽ രാജ്യത്തെത്തുന്നവർക്ക് ജോലി ചെയ്യാൻ അനുവാദമില്ലെന്നും ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും ജവാസാത്ത് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, രാജ്യത്ത് നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായ, വ്യാജ പരസ്യം നൽകി വഞ്ചിക്കാനും അനധികൃതമായി പണം സമ്പാദിക്കാനും ലക്ഷ്യമിട്ടുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ തട്ടിപ്പുകാരുടെ പ്രവർത്തനങ്ങൾക്കെതിരെ നിയമോപദേശകനായ സെയ്ഫ് അൽ ഹകാമി മുന്നറിയിപ്പ് നൽകി.
സാമ്പത്തിക തട്ടിപ്പും വഞ്ചനയും തടയുന്നതിനുള്ള നിയമത്തിന് കഴിഞ്ഞ വർഷം ഏപ്രിലിൽ മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഇത്തരം വ്യാജ ഇടപെടലുകൾ നടത്തുന്നവർക്ക് ഏഴ് വർഷം വരെ തടവോ 5 മില്യൺ റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.
നിയമത്തിൽ അനുശാസിക്കുന്ന ഏതെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്യാൻ മറ്റൊരാളെ പ്രേരിപ്പിക്കുന്നവരെയും സഹായിക്കുന്നവരെയും ശിക്ഷിക്കാൻ നിയമത്തിൽ വ്യവസ്ഥകളുണ്ടെന്ന് അൽ-ഹകാമി പറഞ്ഞു. ഈ പ്രേരണയുടെയോ കരാറിന്റെയോ സഹായത്തിന്റെയോ അടിസ്ഥാനത്തിലാണ് കുറ്റകൃത്യം നടന്നതെങ്കിൽ, അതേ പരമാവധി ശിക്ഷ അവർക്കും ചുമത്തും. യഥാർത്ഥ കുറ്റകൃത്യം നടന്നില്ലെങ്കിൽ, പ്രേരിപ്പിക്കുന്നയാൾക്ക് പരമാവധി ശിക്ഷയുടെ പകുതി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




