ആപ്പിളിന്റെ പങ്കാളി സഊദി അറേബ്യയിൽ 9 ബില്യൺ ഡോളറിന്റെ ഫാക്ടറി തുറക്കുന്നു

0
1318

റിയാദ്: അമേരിക്കൻ കമ്പനിയായ “ആപ്പിൾ” ന്റെ പങ്കാളിയായ “ഫോക്സ്‌കോൺ” സഊദി അറേബ്യയിൽ 9 ബില്യൺ യുഎസ് ഡോളറിന്റെ ഫാക്ടറി തുറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സഊദിയിലെ പുതിയ ഫാക്ടറിയിൽ ഇലക്ട്രിക് കാർ ഭാഗങ്ങൾ, ചിപ്പുകൾ എന്നിവയും മറ്റു നൂതന വസ്തുക്കളും നിർമ്മിക്കുമെന്ന് അമേരിക്കൻ പത്രമായ “ദി വാൾ സ്ട്രീറ്റ് ജേണലിൽ” പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്‌ക്രീനുകൾ മുതൽ ഫോണുകൾ വരെയും വിവിധ ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് കാർ പാർട്‌സുകളും ചിപ്പുകളും നിർമ്മിക്കുന്ന മൾട്ടി പർപ്പസ് ഫാക്ടറി സ്ഥാപിക്കാൻ ഫോക്‌സ്‌കോൺ സമർപ്പിച്ച നിർദ്ദേശം സഊദി സർക്കാർ നിലവിൽ അവലോകനം ചെയ്യുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

അമേരിക്കയും ചൈനയും തമ്മിലുള്ള സമീപകാല സംഘർഷങ്ങൾ കാരണം, ചൈനയിലെ ഫാക്ടറികളെ അപകടത്തിലാക്കിയതിനാൽ, ഉൽപ്പാദനരംഗത്ത് വൈവിധ്യവത്കരിക്കാൻ ഫോക്‌സ്‌കോൺ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ഫാക്ടറി. സഊദി അറേബ്യ നിക്ഷേപകർക്ക് നൽകുന്ന ആകർഷകമായ ഘടകങ്ങളും വലിയ പ്രോത്സാഹനങ്ങളും പ്രയോജനപ്പെടുത്താൻ “ഫോക്സ്കോൺ” ശ്രമിക്കുന്നതായി റിപ്പോർട്ട് പറയുന്നു.

എണ്ണയെ ആശ്രയിക്കുന്നതിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള സഊദിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഫാക്ടറി വരുന്നത്. ഇത്തരമൊരു വൻകിട കമ്പനിയുടെ അതിനൂതന നിർമ്മാണ ഫാക്ടറി വരുന്നതോടെ സഊദിയുടെ നിർമ്മാണ വ്യവസായം കൂടുതൽ അനന്ത സാധ്യതകൾ ആയിരിക്കും നൽകുക.