സംസം ഫാക്റ്ററി പ്രവർത്തനം പൂർവ്വ സ്ഥിതിയിലേക്ക്, എല്ലാ ദിവസവും സംസം ബോട്ടിലുകൾ ലഭ്യമാകും

0
2121

മക്ക: കൊറോണ മുൻകരുതൽ നടപടികളുടെ ഭാഗമായി പ്രവർത്തനം ഭാഗികമായി നിർത്തി വെച്ച കിംഗ് അബ്ദുല്ല സംസം ബോട്ട്‌ലിംഗ് പ്ലാന്റ് പ്രവർത്തനം വീണ്ടും പൂർവ്വ സ്ഥിതിയിലേക്ക്. ഇനി മുതൽ ആഴ്ചയിൽ ഏഴു ദിവസവും പ്രവർത്തിക്കുന്ന പ്ലാന്റ് രാവിലെ എട്ടര മുതൽ രാത്രി 11 വരെ ഉപയോക്താക്കളെ സ്വീകരിക്കും. ഗുണഭോക്താക്കൾക്ക് വിശുദ്ധ സംസം പാക്കേജുകൾ ഏറ്റവും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായാണ് പദ്ധതിയുടെ പ്രവർത്തന സമയം പഴയ നിലയിലേക്ക് ഉയർത്തിയത്.

മുൻകരുതൽ നടപടികൾ എടുത്തുകളയാനുള്ള തീരുമാനങ്ങളുടെ ഭാഗമായി ഇരു ഹറം കാര്യാലയ വകുപ്പ് മേധാവി ശൈഖ് അബ്ദുറഹ്മാൻ അൽ സുദൈസിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് വിപുലീകരണമെന്ന് ബന്ധപ്പെടവർ അറിയിച്ചു.

പ്ലാന്റ് പൂർവ്വ സ്ഥിതിയിൽ ആകുന്നതോടെ ഓരോ 15 ദിവസത്തിലും ഒരാൾക്ക് 20 ബോട്ടിൽ സംസം വീതമാണ് ഉപയോക്താക്കൾക്ക് വിതരണം ചെയ്യുക. ഇതിനു പുറമെ ഹൈപ്പർ മാർക്കറ്റുകളിൽ വിതരണവും പുനഃസ്ഥാപിക്കും. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലെ പാണ്ട, ബിൻ ദാവൂദ്, അൽദാനൂബ് ഹൈപ്പർമാർക്കറ്റുകൾ വഴിയുള്ള സംസം വിതരണമാണ് തുടരുക.