എത്തിയത് ഹൗസ് ഡ്രൈവർ ജോലിക്ക്, ലഭിച്ചത് റെഡിമിക്സ് കമ്പനിയിലും മറ്റു ജോലികളും; ദുരിതത്തിലായ കൊല്ലം സ്വദേശി നാടണഞ്ഞു

0
2333

റിയാദ്: രണ്ടര വർഷം മുമ്പ് അബഹയിലെത്തിയ കൊല്ലം സ്വദേശി ദുരിതങ്ങൾക്കൊടുവിൽ നാടണഞ്ഞു. ഹൗസ് ഡ്രൈവർ വിസയിലെത്തി മറ്റു ജോലികൾ നിർബന്ധ പൂർവ്വം എടുക്കേണ്ടി വന്ന വെളിയം സ്വദേശി മോഹൻ ബാലകൃഷ്ണൻ ആണ് ജോലിസ്ഥലത്തെ പ്രയാസത്തെ തുടർന്ന് ഒടുവിൽ നാട്ടിലേക്കു മടങ്ങേണ്ടി വന്നത്. ഹൗസ്‌ ഡ്രൈവർ വിസയിലെത്തിയ മോഹൻ ബാലകൃഷ്ണന് ഇഖാമയും ഡ്രൈവിങ് ലൈസൻസും നൽകാതിരുന്ന സ്പോൺസർ അദ്ദേഹത്തെ റെഡിമിക്സ് കമ്പനിയിലും ട്രക്ക് ഡ്രൈവറായുമെല്ലാം നിർബന്ധപൂർവം ജോലി ചെയ്യിപ്പിക്കുകയായിരുന്നു.

ഇങ്ങനെ ഇഖാമയും ഡ്രൈവിങ് ലൈസൻസും ഇല്ലാതെ രണ്ടര വർഷത്തോളം ട്രക്ക് ഡ്രൈവറായി ജോലി ചെയ്യേണ്ടിയും വന്നു മോഹൻ ബാലകൃഷ്ണന്. ഇദ്ദേഹത്തിന് കൃത്യമായി ശമ്പളമോ ഭക്ഷണ, താമസസൗകര്യങ്ങളോ നൽകാനും സ്പോൺസർ തയാറല്ലായിരുന്നു.

ഇദ്ദേഹത്തിന്‍റെ അവസ്ഥയറിഞ്ഞ ജിദ്ദ കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗം ബിജു കെ. നായരുടെ ഇടപെടലാണ് സഹായകരമായത്. ദുരിതങ്ങൾ മനസിലാക്കിയ ബിജു, അബഹ ലേബർ ഓഫിസ് മേധാവിയെയും തർഹീൽ മേധാവിയെയും കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു. മോഹൻ ബാലകൃഷ്ണന്‍റെ സ്പോൺസറെ ബന്ധപ്പെട്ടതോടെ തർഹീൽ വഴി നാട്ടിലേക്കു തിരിച്ചയക്കാൻ സ്പോൺസർ സന്നദ്ധനാവുകയായിരുന്നു. ബിജു കെ. നായരോടൊപ്പം അബഹയിലെ സാമൂഹികപ്രവർത്തകരായ പ്രകാശൻ നാദാപുരം, ഗഫൂർ പയ്യാനക്കൽ, വിജേഷ് കണ്ണൂർ തുടങ്ങിയവരും സഹായത്തിനുണ്ടായിരുന്നു.