മനാമ: പവർ ബാങ്ക് മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് ബഹ്റൈനിൽ ബഹുനില വീടിന് തീപിടിച്ചു. ബഹ്റൈനിലെ ഹമദ് ടൗണിൽ ഏഴംഗ കുടുംബം താമസിക്കുന്ന വീട്ടിലാണ് സംഭവം. തീപിടുത്തത്തിൽ അൽ ലൗസിയിലെ വീടിന് വൻ നാശനഷ്ടമുണ്ടായാതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ട കുടുംബത്തെ ദാർ അൽ കരാമ സർക്കാർ അഭയകേന്ദ്രത്തിലേക്ക് താൽക്കാലികമായി മാറ്റി. വീടിന്റെ മൂന്നു നിലകളും തീയിൽ കത്തിനശിച്ചിട്ടുണ്ട്.

ചാർജ് ചെയ്യുന്നതിനിടെ പോർട്ടബിൾ പവർ ബാങ്ക് മൊബൈൽ ചാർജർ താപസമ്മർദം മൂലം പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് സ്ഥലം സന്ദർശിച്ച ഏരിയ കൗൺസിലർ സൈനബ് അൽ ദുറാസി പറഞ്ഞു. നാശനഷ്ടങ്ങളുടെ വ്യാപ്തി നിർണയിക്കാൻ വർക്സ്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രാലയം, നോർത്തേൺ ഗവർണറേറ്റ്, തൊഴിൽ സാമൂഹിക വികസന മന്ത്രാലയം എന്നിവയുടെ പ്രതിനിധികൾ പരിശോധന നടത്തി.

മൂന്ന് നിലകളുള്ള വീട് ഏകദേശം കത്തിച്ചാമ്പലായ സ്ഥിതിയിലാണ്. 90 ശതമാനത്തിലധികം വസ്തുക്കളും കത്തിനശിച്ചു. കുടുംബം എത്രയും വേഗം അവരുടെ താമസസ്ഥലത്തേക്ക് മടക്കി അയക്കാനുള്ള ശ്രമത്തിയയാണ് അധികൃതർ. ഇതിനായി നഗരവികസന പദ്ധതി പ്രകാരം വീടിന്റെ അടിയന്തര പുനഃസ്ഥാപനത്തിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട അധികാരികളോട് കൗൺസിലർ അഭ്യർഥിച്ചു.




