റിയാദ്: സഊദിയിലേക്ക് കോഴിക്കോട് നിന്നും ഫ്‌ളൈ നാസ് എയർ സർവ്വീസ് നാളെ മുതൽ. എയർ ബബ്ൾ പ്രകാരമുള്ള വിമാന സർവ്വീസുകളാണ് ഫെബ്രുവരി എട്ട് മുതൽ ആരംഭിക്കുന്നത്. 170 പേർക്ക് യാത്ര ചെയ്യാവുന്ന എ 320 നിയോ വിമാനമാണ് സർവ്വീസ് നടത്തുക. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും റിയാദിലേക്കാണ് ഫ്‌ളൈ നാസ് നേരിട്ട് സർവ്വീസ് നടത്തുക. ഇതോടൊപ്പം, റിയാദ് കേന്ദ്രമായി ദമാം, ജിദ്ദ, മദീന, ജിസാൻ, അബഹ, ത്വായിഫ്, തബൂക് തുടങ്ങി സഊദിയിലെ മറ്റു നഗരികളിലേക്കും കണക്ഷൻ സർവ്വീസുകളും ഉണ്ടാകും.
ചൊവ്വ, വെള്ളി, ഞായർ എന്നിങ്ങനെ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഫ്‌ളൈ നാസ് കോഴിക്കോട്-റിയാദ് സെക്റ്ററിൽ നടത്തുക. നേരത്തെ, ജനുവരി പതിനൊന്ന് മുതൽ നടത്തുമെന്ന പ്രഖ്യാപിച്ച സർവ്വീസുകൾ ഇവർ തുടങ്ങിയിരുന്നില്ല. ഇതാണ് നാളെ മുതൽ ആരംഭിക്കുന്നത്. കൊവിഡിനെ തുടർന്ന് 2019 ഫെബ്രുവരി 13 ന് നിർത്തിവെച്ച സർവ്വീസുകളാണ് പുനഃരാരംഭിക്കുന്നത്.
റിയാദിൽ നിന്ന് അർധരാത്രി 00:05 നു പറന്നുയരുന്ന വിമാനം രാവിലെ 07:30 നു കോഴിക്കോട് ഇറങ്ങും. കോഴിക്കോട് നിന്നും രാവിലെ 08:25 പറന്നുയരുന്ന വിമാനം റിയാദിൽ 11:45 എത്തിച്ചേരും. കോഴിക്കോട് നിന്നും സഊദിയിലേക്ക് 1,543 റിയാലും റിയാദിൽ നിന്ന് കോഴിക്കോട്ടേക്ക് 595 റിയാലുമാണ് ടിക്കറ്റ് നിരക്ക്. മാർച്ച് 25 വരെയുള്ള ഷെഡ്യൂളുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ലൈറ്റ് ടിക്കറ്റ് നിരക്കിൽ 20 കിലോ ലഗ്ഗേജ്, 07 കിലോ ഹാൻഡ് ബാഗും അനുവദിക്കും. എന്നാൽ, തൊട്ടുയർന്നു നിൽക്കുന്ന ടിക്കറ്റ് നിരക്കിൽ 30 കിലോ ലഗ്ഗേജ്, 07 കിലോ ഹാൻഡ് ബാഗും ഏറ്റവും ഉയർന്ന കാറ്റഗറിയിൽ നാൽപത് കിലോ ലഗ്ഗേജ്, ഏഴു കിലോ ഹാൻഡ് ബാഗ് എന്നിവയും അനുവദിക്കും. ടിക്കറ്റുകൾ ഓൺലൈനിൽ വാങ്ങുന്നതിനു ഫ്‌ളൈ നാസ് വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.
വാർത്താ ഗ്രൂപ്പിൽ അംഗമാകാം👇
എയർ ബബ്ൾ: കോഴിക്കോട് നിന്നും സഊദിയിലേക്ക് ഫ്‌ളൈ നാസ് ഫെബ്രുവരി എട്ട് മുതൽ, ഓൺലൈൻ ബുക്കിങ് തുടങ്ങി




