നാട്ടിലേക്ക് പോകാനായി വിമാനത്തിൽ കയറുന്നതിനിടെ മലയാളി കുഴഞ്ഞു വീണു മരിച്ചു

0
6493

ദമാം: നാട്ടിലേക്ക് പോകാനായി എല്ലാ നടപടികളും കഴിഞ്ഞു വിമാനത്തിൽ കയറുന്നതിനിടെ മലയാളി കുഴഞ്ഞു വീണു മരിച്ചു. തൃശൂർ മുക്കാട്ടുകര നെറ്റിശ്ശേരി നെല്ലിപ്പറമ്പിൽ ഗിരീഷ് (57) ആണ് ദമാം അന്തരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിൽ കയറുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചത്. ശനിയാഴ്ച രാത്രി കൊച്ചിയിലേക്കുള്ള ഫ്ലൈ ദുബൈ വിമാനത്തിൽ നാട്ടിലേക്ക് പോകാനായി ബോർഡിംഗ് പൂർത്തീകരിച്ചു വിമാനത്തിന്റെ കവാടത്തിലേക്ക് നടന്നു നീങ്ങി വിമാനത്തിലേക്ക് കാലെടുത്തു വെക്കവേ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ എയർപോർട്ട് അത്യാഹിത വിഭാഗം സ്ഥലത്തെത്തി സി.പി.ആർ നൽകിയ ഉടനെ തന്നെ തൊട്ടടുത്ത ഖത്വീഫ് സെൻട്രൽ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി പ്രവാസിയായ ഇദ്ദേഹം ഒരു സ്വകാര്യ ഫയർ ആന്റ് സേഫ്റ്റി കമ്പനിയിൽ ബിസിനസ് ഡെവലപ്മന്റ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ടു വർഷത്തിന് ശേഷമാണ് അവധിക്കായി നാട്ടിലേക്ക് തിരിച്ചിരുന്നത്.

സതിയാണ് ഭാര്യ. വിദ്യാർത്ഥികളായ ഒരു ആൺകുട്ടിയും പെൺകുട്ടിയും ഉണ്ട്. ഖതീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനി അധികൃതരുടെയും സാമൂഹ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്