ഗൾഫ് രാജ്യങ്ങളിലും ഒമിക്രോൺ തരംഗം വൈകാതെ മൂർധന്യാവസ്ഥയിലെത്തുമെന്ന് മുന്നറിയിപ്പ്

0
2077

കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിലെ ഒമിക്രോൺ തരംഗം അധികം വൈകാതെ മൂർധന്യാവസ്ഥയിലെത്തുമെന്ന് മുന്നറിയിപ്പ്. കുവൈത്ത് കൊറോണ എമർജൻസി കമ്മിറ്റി മേധാവി ഡോ: ഖാലിദ് അൽ ജാറുല്ലയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ ആനുപാതികമായ വർധനവ് ഉണ്ടാകുമെന്നും വാക്സിനെടുക്കാത്തവർക്ക് ഗുരുതരാവസ്ഥക്ക് സാധ്യത കൂടുതൽ ആണെന്നും അദ്ദേഹം ട്വിറ്ററിലൂടെ നൽകിയ മുന്നറിയിപ്പിൽ പറഞ്ഞു.

ഗൾഫ് രാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തിന്റെ ഗ്രാഫ് വൈകാതെ പാരമ്യതയിൽ എത്തും. ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കും. വാക്സിനെടുക്കാൻ എല്ലാവരും മുന്നോട്ട് വരണം. രാജ്യത്ത് വാക്സിനേഷൻ കാംപയിൻ ഊർജിതമാക്കിയതായും കൊറോണ സുപ്രീം എമർജൻസി കമ്മിറ്റി മേധാവി പറഞ്ഞു.

അതിനിടെ യുഎഇയിൽ മൂന്ന് പുതിയ കൊവിഡ് മരണങ്ങളും 24 മണിക്കൂറിനുള്ളിൽ 3,116 കേസുകളും റിപ്പോർട്ട് ചെയ്തു. 1,182 രോഗമുക്തി ആണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായത്. മഹാമാരി തുടക്കം മുതൽ 22,997,534 ഡോസുകൾ നൽകി 92.8 ശതമാനം ജനങ്ങളും പൂർണ്ണമായും വാക്‌സിനേഷൻ എടുത്തിട്ടുണ്ട്.

കുവൈത്തിൽ 4517 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് വാർഡുകളിൽ 254 പേരും തീവ്ര പരിചരണ വിഭാഗത്തിൽ 26 പേരുമാണ് ചികിത്സയിൽ ഉള്ളത്. ഇന്ന് ഒരു മരണവും സ്ഥിരീകരിച്ചു .