ജിദ്ദ: മലപ്പുറം ജില്ല കെഎംസിസിക്ക് കീഴിലുള്ള ആസ്പയറിന് കീഴിൽ 2020-21 ൽ നടന്ന മീഡിയ ട്രെയിനിങ് കോഴ്സിൽ പങ്കെടുത്ത പഠിതാക്കളുടെ സംഗമം നടന്നു. ഷറഫിയ്യ സഫയർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമത്തിൽ പഠിതാക്കളും മലപ്പുറം ജില്ല കെഎംസിസി ഭാരവാഹികളും പങ്കെടുത്തു. സംഗമത്തിൽ പങ്കെടുത്ത പൂർവ്വ പഠിതാക്കൾ തങ്ങളുടെ പഠനാനുഭവങ്ങളും ഒപ്പം മീഡിയ കോഴ്സിന് ശേഷം തങ്ങൾക്കുണ്ടായ പുരോഗതിയും നേട്ടങ്ങളും പങ്ക് വെച്ചു, ഇത്തരത്തിലുള്ള കോഴ്സുകൾ തുടർന്ന് കൊണ്ട് പോകണമെന്ന് പഠിതാക്കൾ ആവിശ്യപ്പെട്ടു. പരിപാടിയിൽ പഠിതാക്കൾ മീഡിയ കോഴ്സ് നടത്തുകയും കോവിഡ് മഹാമാരിയിലും കോഴ്സ് നിന്ന് പോകാതെ ഭംഗിയായി പൂർത്തീകരിക്കുകയും ചെയ്ത ജില്ല കെ എം സി സിയെയും അതിന് നേതൃത്വം നൽകുകയും ചെയ്ത കെ എം സി സി ഭാരവാഹികളെ മൊമന്റോ നൽകി ആദരിക്കുകയും ചെയ്തു. ചടങ്ങിൽ കെ എം സി സി ഭാരവികളും പഠിതാക്കളും തമ്മിൽ മുഖാമുഖം പരിപാടിയും നടന്നു.

ആസ്പയറിന് കീഴിൽ മീഡിയ ട്രെയിനിങ് കോഴ്സ് ഏർപ്പെടുത്തുകയും അതിന് വേണ്ടി നിരന്തരം പ്രവർത്തിക്കുകയും ചെയ്ത ജില്ല കെഎംസിസി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ, ആസ്പിയർ കൺവീനർ സുൽഫിക്കർ ഒതായി എന്നിവർക്കാണ് മീഡിയ കോഴ്സ് പഠിതാക്കളുടെ വക മെമെന്റോ ചടങ്ങിൽ വെച്ച് സമ്മാനിച്ചത്. സീനിയർ പഠിതാക്കളായ ജമാൽ പേരാമ്പ്ര ഹബീബ് കല്ലനും മുസ്തഫ ചെമ്പൻ സുൽഫിക്കർ ഒതായിക്കും മെമെന്റോ നൽകി. ഒരു വര്ഷം നീണ്ട് നിന്ന മീഡിയ കോഴ്സ് കൊവിഡ് പ്രതിസന്ധിക്കിടയിലും നല്ല രീതിയിൽ നടത്തികൊണ്ട് പോകാൻ സാധിച്ചതിൽ ജില്ല കെഎംസിസി സെക്രട്ടറി വി. വി അഷ്റഫ് അടക്കം മറ്റു കെ എം സി സി ഭാരവാഹികളെയും ആത്മാർത്ഥമായി ക്ലാസ് എടുത്ത് തന്നെ ജിദ്ദയിലെ മാധ്യമ പ്രവർത്തകരെയും പഠിതാക്കൾ പ്രത്യകം എടുത്ത് പറഞ്ഞു.

ചടങ്ങിൽ കെ എം സി സി ഭാരവാഹികളും പഠിതാക്കളുമായി നടന്ന മുഖാമുഖം പരിപാടിയിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ മലപ്പുറം ജില്ല കെഎംസിസി ചെയർമാൻ പി.വി ഹസ്സൻ സിദീഖ് ബാബുവുമായി പ്രത്യകം ഇൻട്രാക്ഷൻ നടന്നു, പട്ടിണി ശരിക്കും അനുഭവിച്ച നിരക്ഷരരായ നമ്മുടെ പൂർവീകർ ഹജ്ജ് വിസയിലും മറ്റും ജിദ്ദയിൽ എത്തി വിവിധ മേഖലകളിൽ വിജയം വരിച്ചത് എങ്ങനെ എന്ന് പഠന വിധേയമാക്കണമെന്ന് ചടങ്ങിൽ സംസാരിച്ച മലപ്പുറം ജില്ല കെഎംസിസി ചെയർമാൻ ബാബു നഹ്ദി ആവശ്യപ്പെട്ടു. കൂട്ടായ്മയിലൂടെയാണ് മലയാളി പ്രവാസികൾ നേട്ടം കൊയ്തതെന്നും ഇതിൽ ഏറ്റവും വലിയ കൂട്ടായ്മ കെഎംസിസിയാണെന്നും മറ്റു കൂട്ടായ്മകൾ ഉണ്ടായത് കെഎംസിസിയെ മാതൃകയാക്കിയണെന്നും അദ്ദേഹം വിശദീകരിച്ചു. ജിദ്ദ മലപ്പുറം ജില്ല കെഎംസിസി ആസ്പയറിന് കീഴിൽ പുറത്തിറക്കുന്ന ജിദ്ദയുടെ പ്രവാസ ചരിത്രം ഉൾക്കൊള്ളുന്ന സോവനീറിന്റെ വിജയത്തിന് മീഡിയ കോഴ്സ് പഠിതാക്കൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ പറഞ്ഞു. ‘കെഎംസിസി മരുഭൂ വസന്തം’ എന്ന സോവനീർ ജിദ്ദയിലെ മലയാളി പ്രവാസികളുടെ സർവതോന്മുഖമായ സംഭാവനകൾ അടയാളപ്പെടുത്തുന്നതായിരിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. മാധ്യമ രംഗത്ത് ഉയർച്ച നേടാൻ നിരന്തര പരിശ്രമം വേണമെന്ന് മാധ്യമ പ്രവർത്തകനും കെഎംസിസി ജില്ല സെക്രട്ടറിയുമായ സുൽഫിക്കർ ഒതായി പറഞ്ഞു. ജീവ കാരുണ്യ പ്രവർത്തനം എന്നതിനോടൊപ്പം വിദ്യാഭ്യാസ, തൊഴിൽ പരിശീലനം, പുസ്തക പ്രസാധനം തുടങ്ങിയ മേഖലകളിലും ശ്രദ്ധേയമായ മുന്നേറ്റം നടത്തി മാതൃക കാണിക്കാൻ മലപ്പുറം ജില്ല കെഎംസിസിക്ക് കഴിഞ്ഞതായി ജില്ല കെഎംസിസി സെക്രട്ടറി വി. വി അഷ്റഫ് പറഞ്ഞു.

മൂഹിയുദ്ധീൻ താപ്പി, ആഷിക് മഞ്ചേരി, റാഷിദ്, ബഷീറലി, തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്ത് അനുഭവങ്ങൾ പങ്ക് വെച്ചു. മാധ്യമ പ്രവർത്തകനും കെ എം സി ഭാരവാഹിയുമായ മുഹമ്മദ് കല്ലിങ്ങൽ, നിയാസ് ഇരുമ്പുഴി, എം. സി മനാഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.




