റിയാദ്: ഹജ്ജ് നടപടികൾ ലംഘിക്കുന്നവരെ തടയാൻ ലക്ഷ്യമിട്ട്, ഹജ്ജ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കുള്ള വ്യവസ്ഥകളുടെയും പിഴകളുടെയും കരട് നയം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഹജ്ജ് നടപടികൾ ലംഘിക്കുന്നവർക്കെതിരെ തടവ്, കനത്ത പിഴ, നാടുകടത്തൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ശിക്ഷ നടപടികളാണ് ശക്തമാക്കുക. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെയും മറ്റു വിദേശ രാജ്യങ്ങളിലെ പൗരന്മാർക്കും ബാധകമാകുന്ന ശിക്ഷ നടപടികൾ അധികൃതർ പുറത്ത് വിട്ടു.
അനുമതി ഇല്ലാതെ വിവിധ ഇടങ്ങളിൽ പ്രവേശിക്കുന്ന ജിസിസി പൗരന്മാർക്കുള്ള ശിക്ഷ പിഴകൾ ഇപ്രകാരമാണ്.
അനുവാദമില്ലാതെ മിന, മുസ്ദലിഫ, അറഫാത്ത് തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നവർക്ക് 15,000 റിയാൽ പിഴ ചുമത്തും. ആ വർഷം അദ്ദേഹം തീർഥാടനം നടത്തിയതായും രേഖപ്പെടുത്തും. കുറ്റം ആവർത്തിച്ചാൽ മുൻ സീസണിൽ ഏർപ്പെടുത്തിയ പിഴകൾ ഇരട്ടിയാക്കും.
വിശുദ്ധ നഗരമായ മക്കയിലേക്കും പുണ്യ സ്ഥലങ്ങളിലേക്കും റുസൈഫയിലെ ഹറമൈൻ ട്രെയിൻ സ്‌റ്റേഷനിലേക്കും അനുമതിയില്ലാതെ പ്രവേശിച്ചാൽ 10,000 റിയാൽ പിഴ ചുമത്തും. ഈ രണ്ട് ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴകൾ ഓരോ വർഷവും ദുൽഖഅദയുടെ 28-ാം തീയതി മുതൽ നടപ്പാക്കപ്പെടും. ഈ രണ്ട് ലംഘനങ്ങളിലൊന്ന് മൂന്നാം തവണയും ആവർത്തിക്കുന്ന സാഹചര്യത്തിൽ, ലംഘിക്കുന്നയാൾക്ക് ഒരു മാസത്തിൽ കുറയാത്തതും 6 മാസത്തിൽ കൂടാത്തതുമായ തടവ് അടക്കമുള്ള നടപടിയെടുക്കാനും അദ്ദേഹത്തെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യും.
ഹജ്ജ് പെർമിറ്റില്ലാതെ തീർഥാടകരെ കൊണ്ടുപോകുന്നവർക്ക് 50,000 റിയാലിൽ കൂടാത്ത പിഴയും ആളുകളുടെ എണ്ണത്തിനനുസരിച്ച് ഒന്നിലധികം പിഴയും അല്ലെങ്കിൽ 6 മാസത്തിൽ കൂടാത്ത തടവോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
ജിസിസി രാജ്യങ്ങളിലെ പൗരന്മാരല്ലാത്തവർക്കും അല്ലാത്തവർക്കുള്ള ശിക്ഷ നടപടികൾ
സഊദികളും ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലിലെ (ജിസിസി) പൗരന്മാരുമല്ലാത്തവർ ഹജ്ജ് ചട്ടങ്ങൾ ലംഘിച്ചാൽ പ്രവേശന വിലക്കോടെ സഊദിയിൽ നിന്ന് നിന്ന് നാടുകടത്തും. ആഭ്യന്തര മന്ത്രിയുടെ തീരുമാനമനുസരിച്ചുള്ള നിശ്ചിത കാലം സഊദിയിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തും. മക്കയിൽ താമസിക്കുന്നവരോ സീസണിൽ ബിസിനസ്സ് നടത്തുന്നവരോ ഒഴികെയുള്ള വിദേശികളും താമസക്കാരും വിശുദ്ധ നഗരമായ മക്കയിൽ പ്രവേശിക്കുന്നതിൽ നിന്ന് എല്ലാ വർഷവും ശവ്വാൽ 25 മുതൽ വിലക്ക് ഉണ്ടാകും. എന്നാൽ, വാണിജ്യ, തൊഴിൽ ആവശ്യങ്ങൾ ഉള്ളവർക്ക് ജവാസാത്തിൻ്റെ അനുമതി പത്രത്തോടെ ശവാൽ 25 മുതൽ പ്രവേശിക്കാം.




