സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്; ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

0
20

കൊച്ചി: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ ഉഷ്ണതരംഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളിലാണ് അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. പൊതുവെ ഉയർന്ന താപനിലയുള്ള തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് ഉള്ളത്.

അതേസമയം 10 ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടുകൂടിയ മഴയാവും ഉണ്ടാവുക. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും സംസ്ഥാനം വെന്തുരുകുകയാണ്.

പാലക്കാട് താപനില 41 ഡിഗ്രി സെൽഷ്യസും, തൃശൂർ ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് എന്നി ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസും, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും, തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസും താപനില ഉയരാൻ സാധ്യതയുണ്ട്.