ലൈംഗിക ഉത്തേജന മരുന്ന് അധികമായി കഴിച്ചു, യുവാവിന് ദാരുണാന്ത്യം

ന്യൂഡൽഹി: ഗുരുഗ്രാമിലെ സെക്ടർ 53 മേഖലയിലെ വാടക ഫ്ലാറ്റിൽ താമസിച്ചിരുന്ന രോഹിത് ലാൽ (29) മരിച്ചത് ലൈംഗിക ഉത്തേജക മരുന്നിന്റെ അമിത ഉപയോഗം മൂലമാണെന്നു സംശയിക്കുന്നതായി പൊലീസ്. മുറിയിൽ നിന്നു മരുന്നുകളുടെയും ഹെൽത്ത് സപ്ലിമെന്റുകളുടെയും കവറുകൾ കണ്ടെടുത്തു.

നാഗ്പുർ സ്വദേശിയായ രോഹിത് ലാൽ ഡൽഹിയിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായിരുന്നു. ഗുരുഗ്രാമിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലാലിന്റെ സഹപ്രവർത്തകൻ വ്യാഴാഴ്ച രാവിലെ പൊലീസിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

പതിവായി രോഹിത്തിനൊപ്പമാണ് ഓഫിസിൽ പോകാറുള്ളതെന്നും ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടർന്ന് മുറിയിൽ ചെന്ന് നോക്കിയപ്പോൾ വാതിൽ തുറന്നില്ലെന്നും സഹപ്രവർത്തകൻ പൊലീസിനോടു പറഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസ് വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ യുവാവിനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയിൽ നിന്ന് മരുന്നുകളും കണ്ടെടുത്തു.

രോഹിത് തന്റെ പ്രതിശ്രുത വധുവിനെ ഫ്ലാറ്റിലേക്കു ക്ഷണിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായതായി പൊലീസ് പറഞ്ഞു. എന്നാൽ, അവർ എത്തുന്നതിനു മുൻപ് മരണം സംഭവിച്ചു. ലൈംഗിക ഉത്തേജക മരുന്ന് അമിതമായി കഴിച്ചതിനെത്തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു.

ആന്തരിക അവയവങ്ങളുടെ ഭാഗങ്ങളും കണ്ടെടുത്ത മരുന്നുകളും പരിശോധനയ്ക്കായി ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകൂ. എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്നും സെക്ടർ 53 എസ്എച്ച്ഒ സതേന്ദർ റാവൽ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.