തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സൂര്യാഘാത മരണമെന്ന് സംശയം. കൊല്ലത്ത് വയോധികൻ കൃഷിയിടത്തിൽ മരിച്ച നിലയിൽ. കുന്നിക്കോട് സ്വദേശി ബേബിയെയാണ് സ്വന്തം കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരമാസകലം പൊള്ളലേറ്റ പാടുകൾ ഉണ്ട്.
പാലക്കാടും വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികൻ്റെ മരണകാരണം സൂര്യാഘാതമെന്ന് സംശയം. പുലാമന്തോൾ വളപ്പിൽ ബഷീർ (68) ആണ് മരിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് ബഷീർ വീട്ടുവളപ്പിൽ വീണ് കിടക്കുന്നത് സമീപവാസികൾ കാണുന്നത്. ഉടൻ തന്നെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷമേ സൂര്യാഘാതം സ്ഥിരീകരിക്കാനാകൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് പലയിടങ്ങളിലും സൂര്യാഘാതം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കൊല്ലം ജില്ലകളിലാണ് സൂര്യാതപ കേസുകൾ റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് കാരാളിപ്പറമ്പിൽ യുവാവിന് സൂര്യാതപമേറ്റു. കാരാളിപ്പറമ്പ് സ്വദേശി ആര്യംപറമ്പത്ത് അബ്ദുൽ ജലീലിനാണ് സൂര്യാതപമേറ്റത്. രണ്ട് കൈകളിലും കാലിലും പൊള്ളലേറ്റു. വീട്ടിൽ നിന്നും ചെറുവാടി ഭാഗത്തേക്ക് ബൈക്കിൽ പോകുമ്പോൾ ചെറുവാടി വയലിന്റെ ഭാഗത്തു വച്ചാണ് പൊള്ളലേറ്റത്. യുവാവ് ചെറുവാടി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി.
“ജാതിയുടെ പേരിൽ നിതിൻ രാജിനെ അപമാനിച്ചതിന് തെളിവില്ല, വിദ്യാർഥികളോട് ഡോ. റാമിൻ്റെ പെരുമാറ്റം മോശമായിരുന്നു”; മുൻകൂർ ജാമ്യ വിധിയുടെ വിശദാംശങ്ങൾ
കോഴിക്കോട് കൊടുവള്ളിയിൽ ബൈക്കിൽ സഞ്ചരിച്ച 20കാരനും സൂര്യാതപമേറ്റു. കൊടുവള്ളി പോർങ്ങോട്ടൂർ സ്വദേശി അമൽ ഷാജിനാണ് സൂര്യാതപമേറ്റത്. കാരന്തൂരിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴി കൊടുവള്ളിയിൽ വച്ചാണ് കൈകളിൽ എരിച്ചിൽ അനുഭവപ്പെട്ടത്. കളരാന്തിരി ഹെൽത്ത് സെൻ്ററിൽ ചികിത്സ തേടി. താമരശേരി സ്വദേശിയായ യുവാവും സൂര്യതാപമേറ്റ് ചികിത്സ തേടിയിരുന്നു.
…





