റിയാദ്: ഇന്ത്യയുടെ സ്വന്തം വാക്സിനായ കൊവാക്സിന് സഊദി അറേബ്യ അംഗീകാരം നൽകിയതായി സഊദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. കൊവാക്സിൻ കുത്തിവെപ്പ് എടുത്ത സഊദി പ്രവാസികൾക്ക് ഇപ്പോൾ തവക്കൽന ഇമ്മ്യൂൺ സ്റ്റാറ്റസ് ശരിയാക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റിലും പ്രവേശന രജിസ്ട്രേഷൻ ആയ മുഖീമിലും അപ്‌ലോഡ് ചെയ്യാനാകുമെന്നും എംബസി അറിയിച്ചു.

അതേസമയം, നേരത്തെ സഊദി അറേബ്യ ഭാഗികമായി കൊവാക്സിന് അംഗീകാരം നൽകിയിരുന്നു. ഉംറ, ഹജ്ജ് സന്ദർശനങ്ങൾക്കായി കൊവാക്സിൻ ഉൾപ്പെടെ 4 വാക്സിനുകൾക്ക് കൂടി അംഗീകാരം നൽകിയതായി സഊദി അറേബ്യ അറിയിച്ചിരുന്നു. കൊവാക്സിന് പുറമെ ചൈനയുടെ സിനോഫാം, സിനോവാക്, സ്പുട്നിക് എന്നിവക്കാണ് അംഗീകാരം നൽകിയിയത്.
ഏതാനും ദിവസങ്ങൾക്കു മുമ്പ് തന്നെ കൊവാക്സിൻ സ്വീകരിച്ചവർക്ക് അവരുടെ ഡാറ്റ സഊദി ആരോഗ്യ മന്ത്രാലയത്തിൽ സമർപ്പിക്കാനുള്ള സംവിധാനവും ആരോഗ്യ മന്ത്രാലയം ഒരുക്കിയിരുന്നു. തവക്കൽന അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പ്രത്യേക ലിങ്കിലും സഊദി പ്രവേശന രജിസ്ട്രേഷൻ ആയ മുഖീമിലും കൊവാക്സിൻ ഇടം നേടിയിരുന്നു.




