അൽ ഖോബാറിലെ വാഹനാപകടം: ഗുരുതര പരിക്കേറ്റ പ്രവാസി വ്യവസായി നാട്ടിൽ അന്തരിച്ചു

0
13
  • കലാ-സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം പ്രവാസി സമൂഹത്തിന് വലിയ നോവായി മാറി

ദമാം: കിഴക്കൻ സഊദിയിലെ അൽഖോബാർ അസീസിയയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി വ്യവസായി അന്തരിച്ചു. എറണാകുളം സൗത്ത് പറവൂർ സ്വദേശിയായ സജു വർഗീസ് (60) ആണ് ഇന്ന് പുലർച്ചെ നാട്ടിലെ ആശുപത്രിയിൽ വെച്ച് അന്തരിച്ചത്.

കഴിഞ്ഞ ജനുവരി 23-നായിരുന്നു അപകടം. അസീസിയയിൽ നിന്നും ദമാമിലേക്കുള്ള യാത്രയ്ക്കിടെ സജു സഞ്ചരിച്ചിരുന്ന കാർ പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ദമാം അൽ മന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഒരു മാസത്തോളം വെന്റിലേറ്ററിൽ അബോധാവസ്ഥയിൽ തുടർന്ന സജുവിനെ, വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസ് മാർഗ്ഗമാണ് നാട്ടിലെത്തിച്ചത്.

കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ പ്രതീക്ഷ നൽകി ആരോഗ്യനിലയിൽ നേരിയ പുരോഗതി കൈവരിച്ചിരുന്നു.എന്നാൽ, ഇതിനിടെ കഴിഞ്ഞ ദിവസം നില വീണ്ടും വഷളാവുകയും ഇന്ന് രാവിലെയോടെ മരണപ്പെടുകയുമായിരുന്നു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ദമാമിൽ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു സജു വർഗീസ്. കുടുംബസമേതമായിരുന്നു താമസം. മികച്ച ഗായകനും ദമാമിലെ കലാ-സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം സംഗമം, വേൾഡ് മലയാളി കൗൺസിൽ തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രവാസികൾക്കിടയിൽ വലിയ സൗഹൃദവലയവുമുണ്ടായിരുന്ന സജുവിന്റെ വിയോഗം പ്രവാസി സമൂഹത്തിന് വലിയ നോവായി മാറി.

ഷീജ സജുവാണ് ഭാര്യ. റിച്ചാർഡ് സജു, റൊണാൾഡ് സജു, റയ്മണ്ട് സജു എന്നിവർ മക്കളാണ്. പരേതരായ ഏലിയാമ്മ വർഗീസിന്റെയും വർഗീസ് പി.ജെ.യുടെയും മകനാണ്. സജി മധു, സുജ ചാണ്ടി എന്നിവർ സഹോദരിമാരാണ്.

ഇന്നും നാളെയും പൊതുദർശനത്തിന് വെക്കുന്ന മൃതുദേഹം നാളെ വൈകുന്നേരം മൂന്ന് മണിക്ക് പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തെക്കേ പറവൂർ മാർ യോഹന്നാൻ മാംദാന യാക്കോബായ സുറിയാനി വലിയപള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

അവലംബം: മലയാളം ന്യൂസ്‌