ബംഗാളിലും ബാബ്റി മസ്‌ജിദ് ! മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും തലവേദന

0
15

കൊൽക്കത്ത: ബംഗാൾ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ചർച്ചാവിഷയമായി ബാബ്റി മസ്ജിദ് പുനർനിർമാണം. മുർഷിദാബാദ്-കൊൽക്കത്ത ദേശീയപാതയോരത്ത് അയോധ്യയിലെ ബാബ്റി മസ്ജിദിൻ്റെ മോഡലിൽ 15 ഏക്കറിലാണ് പള്ളി ഉയരുന്നത്.

മുൻ തൃണമൂൽ നേതാവ് ഹുമയൂൺ കബീറിൻ്റെ നേതൃത്വത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. മുർഷിദാബാദ് ജില്ലയിലെ ഭരത്പൂരിൽ 56 കോടി രൂപ ചെലവിലാണ് പള്ളി നിർമിക്കുന്നത്. ബംഗാൾ രാഷ്ട്രീയത്തിൽ ന്യൂനപക്ഷ വോട്ടുകളിൽ വിള്ളൽ സൃഷ്ടിക്കാൻ കൂടി ലക്ഷ്യമിട്ടു കൊണ്ടാണ് ഹുമയൂൺ കബീർ അയോധ്യയിലെ ബാബ്റി മസ്ജിദിൻ്റെ രൂപത്തിലുള്ള പള്ളി നിർമിക്കുന്നത്.

പള്ളി നിർമാണ പ്രഖ്യാപനത്തിന് പിന്നാലെ കബീറിനെ പുറത്താക്കിയ മമതയുടെ നടപടി പ്രദേശത്തെ 60 ശതമാനത്തോളം വരുന്ന മുസ്ലീം വോട്ടർമാർക്കിടയിൽ സ്വാധീനം ചെലുത്തുമോ എന്നതാണ് രാഷ്‌ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

രണ്ട് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിർമാണഘട്ടത്തിൽ തന്നെ ഈ പ്രദേശം ഒരു തീർഥാടന കേന്ദ്രത്തിന് സമാനമായി മാറിയിരിക്കുകയാണ്. പശ്ചിമ ബംഗാളിന് പുറമെ കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പോലും വിശ്വാസികൾ ഇവിടേക്ക് എത്തുന്നുണ്ട്.

നിലവിൽ മുർഷിദാബാദിലെ 22 നിയമസഭാ മണ്ഡലങ്ങളിൽ 20 എണ്ണവും നിലവിൽ തൃണമൂലിൻ്റെ കൈവശമാണ്. എന്നാൽ ഹുമയൂൺ കബീർ ഉയർത്തുന്ന ഈ വെല്ലുവിളി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തൃണമൂലിൻ്റെ അടിത്തറ ഇളക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. കബീർ ബിജെപി ഏജൻ്റാണെന്ന പ്രചാരണം തൃണമൂലും ശക്തമാക്കുന്നുണ്ട്.

അയോധ്യയിൽ തകർക്കപ്പെട്ട ബാബ്റി മസ്ജിദിൻ്റെ മാതൃക ബംഗാൾ മണ്ണിൽ ഉയരുമ്പോൾ അത് കേവലം ഒരു ആരാധനാലയ നിർമാണം എന്നതിലുപരി കൃത്യമായ രാഷ്ട്രീയ കരുനീക്കം കൂടിയായി മാറുകയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. തൃണമൂലിൻ്റെ അടിത്തറയായ ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ലക്ഷ്യമിട്ട് ബിജെപി തന്നെയാണ് വിവാദങ്ങൾക്ക് പിന്നിലെന്ന ആരോപണവും ശക്തമാണ്.