മദീന: ഇന്ത്യൻ ഹാജിമാരുടെ ആദ്യ സംഘത്തെ എയർപോർട്ടിൽ എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഹജ്ജ് മിഷൻ അധികൃതരും വിഖായ ഉൾപ്പെടെയുള്ള മലയാളി സംഘങ്ങളും ഊഷ്‌മളമായി വരവേറ്റു. രാവിലെ എട്ട് മണിയോടെയാണ് ഇന്ത്യൻ ഹാജിമാരുടെ മുംബൈയിൽ നിന്നുള്ള ആദ്യ വിമാനം മദീനയിലിറങ്ങിയത്.
മദീന എയർപോർട്ടിൽ എമിഗ്രേഷൻ നടപടികൾ കഴിഞ്ഞ് പുറത്തിറങ്ങിയ ആദ്യ സംഘത്തെ ഈത്തപ്പഴം, ചായ തുടങ്ങി വിവിധ സാധനങ്ങൾ നൽകിയാണ് വിവിധ ഹജ്ജ് വളണ്ടിയർ സംഘങ്ങൾ വരവേറ്റത്. കെഎംസിസി വനിതാ വളണ്ടിയർ സംഘങ്ങളും ഇവിടെ സജീവമാണ്. ഹജ്ജ് സേവന പ്രവർത്തനങ്ങൾക്ക് ഈ വർഷവും വിവിധ വളണ്ടിയർ സംഘങ്ങൾ വിവിധങ്ങളായ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.
ആദ്യ ഹജ്ജ് സംഘത്തെ എസ്.ഐ. സി മദീന സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വിഖായ വളണ്ടിയർമാർ ഊഷ്‌മള സ്വീകരണമാണ് നൽകിയത്. സമസ്ത ഇസലാമിക് സെൻറർ നാഷണൽ കമ്മറ്റി നേതാക്കളായ സെയ്തു ഹാജി, റാഷിദ് ദാരിമി ചെമ്പിലോട്, സുലൈമാൻ ഹാജി, അഷ്റഫ് തില്ലങ്കേരി, അഷ്‌കർ വേങ്ങര, മദീന വിഖായ വിംഗ് ഭാരവാഹികളായ അബ്ദുൽമജീദ് പാവുക്കോണം, ഷൗകത്തലി ഫൈസി, വാഹിദ് ചെമ്പിലോട്, അഷ്‌റഫ് കാപ്പാട്ട്, ഷമീം കുന്ദമംഗലം തുടങ്ങിയവർ സന്നിഹിതരായി.
നേരത്തെ ആദ്യ ഇന്ത്യൻ സംഘത്തെ മദീന വിമാനത്താവളത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. സുഹെൽ അജാസ് ഖാൻ, കോൺസൽ ജനറൽ ഫഹദ് സൂരി, സഊദി ഹജ്ജ്ഡെപ്യൂട്ടി മന്ത്രിമാരായ പ്രൊഫ. അബ്ദുൽ അസീസ് എ. വസ്സാൻ, അയാദ് അബ്ദുറഹ്മാൻ റഹ്ബിനി, മറ്റ് മുതിർന്ന സഊദി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു. കൂടുതൽ ഫോട്ടോകൾ കാണാം 👇







