പതിനാറുകാരിയുടേത് കൊലപാതകം, മുത്തശ്ശിയെയും കൊല്ലാന്‍ ശ്രമിച്ചു; പ്രതിയുടെ മരണത്തില്‍ ദുരൂഹത

0
20

മൂഴിക്കല്‍: ബന്ധുക്കളായ പതിനാറുകാരിയെയും ഇരുപതുകാരനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇരുപതുകാരനായ അദിനാന്‍ ബന്ധുവായ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ അദിനാന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമായിട്ടില്ല.

ഇന്നലെ രാത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടക്കുന്നത്. സ്വഭാവദൂഷ്യം കാരണം നേരത്തെ വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്ന അദിനാന്‍ കള്ളത്താക്കോല്‍ ഉപയോഗിച്ചാണ് അകത്ത് കയറിയത് എന്ന് കരുതുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മറ്റൊരു മുറിയിലുണ്ടായിരുന്ന മുത്തശ്ശിയെയും ഇയാള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു.

ഈ ബഹളത്തിനിടയില്‍ വീട്ടുകാര്‍ ഉണര്‍ന്നു. അദിനാനെ ബലം പ്രയോഗിച്ച് മറ്റൊരു മുറിയിലാക്കി പൂട്ടിയ ശേഷം ഇവര്‍ പെണ്‍കുട്ടിയെയും മുത്തശ്ശിയെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിരിച്ചുവന്നപ്പോഴാണ് അദിനാനെ മരിച്ച നിലയില്‍ കണ്ടത് എന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇയാളുടെ മുഖത്തും വായിലും സെല്ലോ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു. അദിനാന് എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അദിനാനെ വീട്ടില്‍ നിന്നും പുറത്താക്കിയതിന്റെ പ്രതികാരമാകാം കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ നിന്നും അദിനാന്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത് കണ്ടെത്തിയത് ഈ പെണ്‍കുട്ടിയായിരുന്നു എന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

വീട്ടുകാരെ കൊലപ്പെടുത്താന്‍ തീരുമാനിച്ചാണ് ഇയാള്‍ രാത്രി വീട്ടില്‍ കടന്നുകയറിയത് എന്നാണ് കരുതുന്നത്. വീട്ടിലെ സിസിടിവി നശിപ്പിച്ച നിലയിലാണ്.