മുംബൈ: ഏഴുവർഷത്തിനുശേഷം ഇറാനിൽനിന്ന് അസംസ്‌കൃത എണ്ണയുമായുള്ള രണ്ടു ടാങ്കറുകൾ ഇന്ത്യൻ തുറമുഖത്ത്. ഒഡിഷയിലെ പാരദീപ് തുറമുഖത്ത് 20 ലക്ഷം വീപ്പ എണ്ണയുമായി ജയ എന്ന ടാങ്കറും ഗുജറാത്തിലെ സിക്ക തുറമുഖത്ത് ഫെലിസിറ്റി എന്ന ടാങ്കറുമാണ് അടുത്തത്. അമേരിക്ക ഇറാനിയൻ എണ്ണയ്ക്ക് 2019-ൽ ഉപരോധമേർപ്പെടുത്തിയശേഷം ആദ്യമായാണ് ഇന്ത്യൻ കമ്പനികൾ ഇറാനിയൻ എണ്ണ വാങ്ങുന്നത്.
പശ്ചിമേഷ്യാസംഘർഷത്തെത്തുടർന്ന് ആഗോള എണ്ണവിതരണം തടസ്സപ്പെട്ട സാഹചര്യത്തിൽ അമേരിക്ക ഉപരോധത്തിൽ ഒരുമാസത്തെ ഇളവനുവദിച്ചിരുന്നു. ഇതനുസരിച്ചാണ് ഇന്ത്യ എണ്ണ വാങ്ങിയത്. സമാധാന ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് ഇറാന്റെ എണ്ണയിൽനിന്നുള്ള വരുമാനത്തിനു തടയിടാൻ ഇറാനിലെ തുറമുഖങ്ങൾ തടയുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.
വലിയ അളവിൽ എണ്ണ കൊണ്ടുപോകുന്ന ഫെലിസിറ്റി ഞായറാഴ്ച വൈകീട്ടോടെയാണ് ഗുജറാത്തിലെ സിക്ക തുറമുഖത്ത് നങ്കൂരമിട്ടത്. റിലയൻസാണ് ഇതിലെ എണ്ണ വാങ്ങിയിരിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. പാരദീപ് തുറമുഖത്തടുത്ത കപ്പലിലെ എണ്ണ ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് എത്തിച്ചിരിക്കുന്നത്.
എണ്ണ വില വീണ്ടും 100ന് മുകളിൽ
മുംബൈ: ഇറാനും അമേരിക്കയും തമ്മിൽ നടന്ന ചർച്ച പരാജയപ്പെട്ടതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില വീണ്ടും 100 ഡോളറിനു മുകളിൽ തിരിച്ചെത്തി. അന്താരാഷ്ട്ര ബെഞ്ച് മാർക്കായ ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 102.30 ഡോളറിലും അമേരിക്കൻ ബെഞ്ച് മാർക്കായ ഡബ്ല്യു.ടി.ഐ. ക്രൂഡ് വില 104.2 ഡോളറിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇറാനെ കീഴ്പ്പെടുത്തുന്നതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽനീക്കം പൂർണമായി തടയുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയാണ് വിലവർധനയ്ക്കു കാരണമായത്. ഇതോടെ പശ്ചിമേഷ്യയിലെ സംഘർഷം ഉടനടി പരിഹരിക്കപ്പെടില്ലെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
സംഘർഷം തുടർന്നാൽ ഇതുവരെയുള്ളതിൽ ഏറ്റവുംവലിയ ഊർജപ്രതിസന്ധിക്കാകും കളമൊരുങ്ങുന്നതെന്ന് വിലയിരുത്തപ്പെടുന്നു. അറേബ്യൻ ഉൾക്കടൽ, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിൽനിന്നടക്കമുള്ള ഊർജനീക്കം പൂർണമായി തടസ്സപ്പെടുത്തുന്നതിനാണ് അമേരിക്കൻ നീക്കം.
ഇറാന്റെ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും പോകുകയും വരുകയുംചെയ്യുന്ന കപ്പലുകളെ രാജ്യഭേദമില്ലാതെ തടയുമെന്ന്് യു.എസ്. സെൻട്രൽ കമാൻഡ് (സെന്റ്‌കോം) അറിയിച്ചു.
ഇറാനിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് ആക്രമണം തുടങ്ങുന്നതിനു മുൻപ് ആഗോള ഇന്ധനനീക്കത്തിന്റെ 20 ശതമാനംവരെ ഹോർമുസ് കടലിടുക്കുവഴിയാണ് കടന്നുപോയിരുന്നത്. അതിനുശേഷം ഇതു കുറഞ്ഞുകുറഞ്ഞുവരുകയാണ്.
നിലവിൽ ഇന്ത്യയും ചൈനയുമടക്കം ഇറാന്റെ സുഹൃദ് രാജ്യങ്ങൾക്കുമാത്രമാണ് ചരക്കുനീക്കത്തിന് ഇറാൻ അനുമതി നൽകിയിട്ടുള്ളത്. ഹോർമുസ് കടലിടുക്ക് തടയുന്ന സ്ഥിതിയുണ്ടായാൽ ആഗോള ഇന്ധന ലഭ്യത ഇനിയും കുറഞ്ഞേക്കും. ഇത് എണ്ണവില വീപ്പയ്ക്ക് 150 ഡോളറിലേക്കു കുതിക്കാൻ കാരണമായേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പുനൽകുന്നു.
……





