വാഷിങ്ടൻ/ടെഹ്റാൻ: അബുദാബിക്ക് നേരെ ഉണ്ടായ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്കേറ്റതായി യുഎഇ പ്രതിരോധ മന്ത്രാലയം. തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ അജ്ബാൻ മേഖലയിൽ പതിച്ചാണ് അപകടമുണ്ടായത്.
പരുക്കേറ്റ ഏഴ് നേപ്പാൾ സ്വദേശികളിൽ ഒരാളുടെ നില ഗുരുതരമാണെന്നു ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മിസൈൽ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് ഹബ്ഷാൻ ഗ്യാസ് പ്ലാന്റിലുണ്ടായ വൻ തീപിടുത്തം അഗ്നിശമന സേന നിയന്ത്രണവിധേയമാക്കി. മുൻകരുതൽ നടപടിയുടെ ഭാഗമായി പ്ലാന്റിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. വിവിധയിടങ്ങളിലായുണ്ടായ ആക്രമണങ്ങളിൽ യുഎഇയിൽ ആകെ പരുക്കേറ്റവരുടെ എണ്ണം ഇതോടെ 203 ആയി ഉയർന്നു.





