- കുവൈതിൽ ജല ശുദ്ധീകരണ ശാലയിൽ ആക്രമണം; ഇസ്റാഈൽ ആണെന്ന് ഇറാൻ
അബുദാബി/കുവൈത് സിറ്റി: ഗൾഫിൽ വിവിധ രാജ്യങ്ങളിൽ കനത്ത മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ. ഇറാനിലെ പ്രധാന പാലം നശിപ്പിച്ചതിന് പിന്നാലെ, സിവിലിയൻ സൗകര്യങ്ങളിലും വൈദ്യുതി നിലയങ്ങളിലും കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. യുഎഇയിലെ ഏറ്റവും വലിയ പ്രകൃതി വാതക സംസ്കരണ കേന്ദ്രമായ ഹബ്ഷാനിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് തീപിടുത്തമുണ്ടായി. പ്ലാന്റിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചതായി അബുദാബി അറിയിച്ചു.
യുഎസും ഇസ്റാഈലും ആക്രമണങ്ങൾ വർദ്ധിപ്പിച്ചാൽ യുഎസ് പ്രാദേശിക ആസ്തികൾ ‘നശിപ്പിക്കുമെന്ന്’ ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകുന്നു. ഗൾഫ് രാജ്യങ്ങൾ ആക്രമണങ്ങൾ നേരിടുന്നതിനിടെ, ജല ഡീസലൈനേഷൻ പ്ലാന്റും എണ്ണ ശുദ്ധീകരണശാലയും ഇറാൻ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് കുവൈറ്റ് പറയുന്നു. എന്നാൽ, ഡീസലൈനേഷൻ പ്ലാന്റ് ലക്ഷ്യമിട്ടെന്ന വാർത്ത ടെഹ്‌റാൻ നിഷേധിച്ചു. ഇസ്രായേലിനെതിരെ ഇറാൻ കടുത്ത മിസൈലുകളും പ്രയോഗിച്ചിട്ടുണ്ട്.
ഗൾഫിൽ നടന്ന മിസൈൽ, ഡ്രോൺ ആക്രമണ സംഭവത്തിൽ കനത്ത നാശനാഷ്ടങ്ങളാണ് ഉണ്ടായത്. അബുദാബിയിൽ രണ്ടിടത്ത് ഇറാന്‍റെ ആക്രമണത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 12 പേർക്ക് പരിക്ക് പറ്റിയതായും അധികൃതർ അറിയിച്ചു. സർക്കാർ മാധ്യമ ഓഫീസ് പറയുന്നതനുസരിച്ച്, അവരിൽ കുറഞ്ഞത് ഏഴ് പേരെങ്കിലും നേപ്പാൾ പൗരന്മാരാണ് – ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തലസ്ഥാനത്തെ അജ്ബാൻ പ്രദേശത്ത് ഇന്ത്യയിൽ നിന്നുള്ള മറ്റ് അഞ്ച് പേർക്കും പരിക്കേറ്റു. അബുദാബിയിൽ ഉണ്ടായ ആക്രമണത്തിൽ ഹബ്ഷാൻ ഗ്യാസ് കേന്ദ്രത്തിന് തീപിടിച്ചു. കേന്ദ്രം പ്രവർത്തനം നിർത്തിവെച്ചു. അജ്ബാൻ മേഖലയിലും ആക്രമണം ഉണ്ടായി.
കുവൈതിൽ ഇന്ന് പുലർച്ചെ മിന അൽ അഹ്മദി റിഫൈനറിയിൽ ഡ്രോണുകൾ ആക്രമണം ഉണ്ടായതിനെ തുടർന്ന് നിരവധി പ്രവർത്തന യൂണിറ്റുകളിൽ തീപിടുത്തമുണ്ടായതായും കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. അടിയന്തര, അഗ്നിശമന സേനകൾ ഉടൻ തന്നെ പ്രതികരണ പദ്ധതികൾ നടപ്പിലാക്കാൻ തുടങ്ങിയെന്നും തീ നിയന്ത്രണവിധേയമാക്കാനും മറ്റ് സൗകര്യങ്ങളിലേക്ക് പടരുന്നത് തടയാനും പ്രവർത്തിക്കുന്നുണ്ടെന്നും കുവൈറ്റ് വാർത്താ ഏജൻസി (കുന) അറിയിച്ചു. പ്രതിദിനം 3,46,000 ബാരൽ ഉൽപ്പാദന ശേഷിയുള്ള പ്ലാന്റാണിത്.
അതിനിടെ, കുവൈറ്റ് ഡീസലൈനേഷൻ പ്ലാന്റിനെതിരെ ഇസ്റാഈൽ ആക്രമണം നടത്തിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ‘ഇസ്‌റാഈൽ ആക്രമണത്തെ’ ഇറാൻ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അപലപിച്ചു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്റാഈൽ ആക്രമണം നടത്തിയതെന്ന് IRGC പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസം ബഹ്‌റൈനിലെ ആമസോണിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് ഓപ്പറേഷൻ സെന്റർ ആക്രമിച്ചതായി ഇറാൻ സൈന്യം അവകാശപ്പെട്ടിരുന്നു. വെള്ളിയാഴ്ച പുലർച്ചെ സഊദി അറേബ്യ ലക്ഷ്യമാക്കി വന്ന നിരവധി മിസൈൽ, ഡ്രോണുകൾ വിജയകരമായി തകർത്തതായി സഊദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.





