ജാംനഗർ: രണ്ടു ദിവസമായി കാണാതായ സ്ത്രീ അയൽവാസിയുടെ വീട്ടിൽ മരിച്ച നിലയിൽ. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പ്രതി തന്നെ സംശയിക്കാതിരിക്കാനായി അവരുടെ മക്കളോടൊപ്പം തിരച്ചിൽ നടത്തിയിരുന്നു.
ഉത്തർപ്രദേശിലെ മഥുര സ്വദേശിയായ റിങ്കിദേവി ബന്തു സിങ് 2021-ൽ ഭർത്താവിൻ്റെ മരണത്തെ തുടർന്ന് ജാംനഗറിൽ തൻ്റെ മൂന്ന് മക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു.
ജോലി കഴിഞ്ഞ് സ്ത്രീ വീട്ടിലേക്ക് മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് മക്കൾ പൊലീസിൽ പരാതി നൽകുകയും തിരച്ചിൽ നടത്തുകയും ചെയ്തു. അന്വേഷണത്തിൽ താഴെയുള്ള വീട്ടിൽ താമസിച്ചിരുന്ന വിജയ് ഓഡിച്ചിൻ്റെ വീട്ടിൽ നിന്നാണ് റിങ്കിദേവിയുടെ മൃതദേഹം കണ്ടെത്തിയത്. റിങ്കിദേവിയും അയാളുമായി സഹോദരതുല്യമായ ബന്ധമായിരുന്നെന്ന് മക്കൾ പറഞ്ഞു.
ജാംനഗർ പൊലീസ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.





