‘അമേരിക്ക പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഡല്‍ഹിയും മുംബൈയും ആക്രമിക്കും’

ഇറാന്‍–അമേരിക്ക–ഇസ്രയേല്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ വിവാദ പ്രസ്താവനയുമായി പാക്കിസ്ഥാന്‍റെ ഇന്ത്യയിലെ മുന്‍ ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിത്. അമേരിക്കയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ആക്രമണ ഭീഷണിയുണ്ടാകുന്ന പക്ഷം പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കുമെന്നാണ് അബ്ദുല്‍ ബാസിതിന്‍റെ വെളിപ്പെടുത്തല്‍.

ഇതൊരു സാങ്കല്‍പ്പിക അവസ്ഥയാണെന്നും അമേരിക്ക ഇറാനെ ആക്രമിച്ചപ്പോള്‍ ഇറാന്‍ അമേരിക്കയെ നേരിട്ട് ആക്രമിക്കാതെ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് വ്യോമത്താവളങ്ങള്‍ ആക്രമിച്ചത് ഉദാഹരിച്ചാണ് ബാസിതിന്‍റെ മറുപടി. 2014 മുതല്‍ 2017 വരെയാണ് പാക് ഹൈക്കമ്മിഷണറായി ബാസിത് ഇന്ത്യയില്‍ ഉണ്ടായിരുന്നത്.

‘ഇറാനിലെ കാര്യങ്ങള്‍ വഷളാവുകയാണെന്ന് കരുതൂ.. ഇസ്രയേലാവട്ടെ അമേരിക്കയോട് അടുത്ത് നില്‍ക്കുകയുമാണ്. ഈ സാഹചര്യത്തില്‍ അമേരിക്ക പാക്കിസ്ഥാന്‍റെ ആണവ പദ്ധതി ലക്ഷ്യമിട്ട് ആക്രമണം നടത്തിയാല്‍ പാക്കിസ്ഥാന് തിരിച്ചടിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. പക്ഷേ അത് ഇന്ത്യയിലെ ഡല്‍ഹിയും മുംബൈയും ആക്രമിച്ചാകും’ എന്നായിരുന്നു ബാസിതിന്‍റെ പ്രതികരണം.

അമേരിക്കയെ നേരിട്ട് ആക്രമിക്കാന്‍ പാക്കിസ്ഥാന് പരിമിതികള്‍ ഉണ്ടെന്നും അതുകൊണ്ടാണ് ഇന്ത്യയെ ആക്രമിക്കുകയെന്നും ബാസിത് വിശദീകരിച്ചു. പാക്കിസ്ഥാന് നേരെ ആക്രമണം ഉണ്ടായെന്ന് കരുതൂ, ഞങ്ങള്‍ക്ക് ഇസ്രയേലിനെയോ അമേരിക്കയെയോ നേരിട്ട് ആക്രമിക്കുക സാധ്യമല്ല. സ്വാഭാവികമായും ഇന്ത്യയെ ആക്രമിക്കും. അതിന് ഒരുമടിയും ഉണ്ടാവുകയില്ല. കാലതാമസവുമുണ്ടാകില്ല’ എന്നും അദ്ദേഹം വിശദീകരിച്ചു. അത്തരത്തില്‍ ഇന്ത്യയെ ആക്രമിക്കുന്നത് കൊണ്ടുള്ള അനന്തര ഫലം പിന്നീട് മാത്രമേ ആലോചിക്കുകയുള്ളൂവെന്നും ബാസിത് പറയുന്നു.

അതേസമയം, ബാസിത് പറഞ്ഞത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും ഇറാന്‍, മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് വ്യോമത്താവളങ്ങളും യുഎസ് സൈനിക കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ, ബാങ്കിങ് സ്ഥാപനങ്ങള്‍ എന്നിവയാണ് ആക്രമിക്കുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ യുഎസിന് വ്യോമത്താവളമോ സൈനിക കേന്ദ്രമോ ഇല്ലെന്നും അതുകൊണ്ട് തന്നെ ഇത്തരമൊരു പ്രതികരണം നിരുത്തരവാദപരവും പ്രകോപനം സൃഷ്ടിക്കുന്നതുമാണെന്നുമാണ് വാസ്തവം.

പാക്കിസ്ഥാന്‍റെ കൈവശമുള്ള ആണവായുധങ്ങള്‍ അമേരിക്കയ്ക്ക് ഭീഷണി സൃഷ്ടിക്കാന്‍ പോന്നതാണ് എന്ന യുഎസ് ഇന്‍റലിജന്‍സ് മേധാവിയുടെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടാണ് ബാസിത് ഇങ്ങനെ പറഞ്ഞത്. റഷ്യ, ചൈന, ഉത്തര കൊറിയ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് അമേരിക്കയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന ആണവശക്തികള്‍ എന്നായിരുന്നു സെനറ്റ് പാനലിന് മുമ്പാകെ തുള്‍സി ഗബ്ബാര്‍ദ് പറഞ്ഞത്.