ന്യൂഡൽഹി: സ്കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികളുടെ ആരോഗ്യവും അന്തസ്സും ഉറപ്പാക്കുന്നതിനായി ആർത്തവ ശുചിത്വ പരിപാലനത്തിൽ കർശന മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സിബിഎസ്ഇ. ആർത്തവ ആരോഗ്യം ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധിക്ക് പിന്നാലെയാണ് ബോർഡിന്റെ ഈ നടപടി.
പെൺകുട്ടികൾക്കായി പ്രത്യേകവും സുരക്ഷിതവുമായ ശുചിമുറികളും കൈ കഴുകാനുള്ള സൗകര്യങ്ങളും സ്കൂളുകളിൽ നിർബന്ധമായും ഉണ്ടായിരിക്കണം. ഗുണനിലവാരമുള്ളതും പരിസ്ഥിതി സൗഹൃദവുമായ സാനിറ്ററി നാപ്കിനുകൾ സ്കൂളുകളിൽ ലഭ്യമാക്കണം. ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി സ്കൂൾ കാമ്പസുകളിൽ പ്രത്യേക ‘എംഎച്ച്എം കോർണറുകൾ’ സജ്ജീകരിക്കണം.
ഉപയോഗിച്ച സാനിറ്ററി നാപ്കിനുകൾ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സംവിധാനം സ്കൂളുകളിൽ ഉണ്ടായിരിക്കണം. ആർത്തവത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾ മാറ്റുന്നതിനും കുട്ടികൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിനും സ്കൂളുകൾ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കണം. ഇത് സംബന്ധിച്ച ചർച്ചകൾ ലിംഗഭേദമില്ലാതെ പ്രോത്സാഹിപ്പിക്കണമെന്നും എൻസിഇആർടി മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
ഈ നിയമങ്ങൾ സ്കൂളുകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തും. മാർച്ച് 31, ഏപ്രിൽ 30 തീയതികൾക്കുള്ളിൽ സ്കൂളുകൾ ഇതുസംബന്ധിച്ച കംപ്ലയൻസ് റിപ്പോർട്ട് ഓൺലൈൻ പോർട്ടൽ വഴി സമർപ്പിക്കണമെന്നും സിബിഎസ്ഇ സർക്കുലറിൽ വ്യക്തമാക്കി. പെൺകുട്ടികൾക്ക് തുല്യമായ വിദ്യാഭ്യാസ അവസരങ്ങൾ ഉറപ്പാക്കുന്നതിൽ ആർത്തവ ശുചിത്വത്തിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് ഈ നീക്കം.





