കൊച്ചി: സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതില്‍ കടുത്ത അതൃപ്തിയില്‍ കഴിയുന്ന പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കണോ എന്നതില്‍ ഇന്ന് തീരുമാനം എടുത്തേക്കും. പെരുമ്പാവൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിച്ചശേഷം തുടര്‍ നിലപാട് സ്വീകരിക്കുമെന്നാണ് എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചത്.
തന്നെ അനുകൂലിക്കുന്നവരുടെ യോഗം ഇന്ന് അദ്ദേഹം വിളിച്ചിട്ടുണ്ട്.സീറ്റ് നിഷേധിച്ചതിനു പിന്നാലെ എല്‍ദോസിന്റെ അനുയായികള്‍ പെരുമ്പാവൂരില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സീറ്റ് ലഭിക്കാത്തതിലുള്ള നിരാശ പരസ്യമായി പ്രകടിപ്പിച്ച എല്‍ദോസ് കുന്നപ്പള്ളിയുടെ ഇനിയുള്ള നീക്കം നിര്‍ണായകമാണ്.
പെരുമ്പാവൂരില്‍ സീറ്റ് നല്‍കുെമന്ന് കോണ്‍ഗ്രസ് നേതൃത്വം വാക്കുനല്‍കിയിരുന്നതാണെന്നു എല്‍ദോസ് വ്യക്തമാക്കിയിരുന്നു. ഒമ്പതിനായിരത്തോളം പുതിയ വോട്ടര്‍മാരെ ചേര്‍ത്തു. ജനമനയാത്ര നടത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒന്നിച്ച് ശക്തമായ പ്രവര്‍ത്തനം നടത്തി. സാധാരണ പ്രവര്‍ത്തകര്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആഗ്രഹിച്ചത്. അതിനു വിരുദ്ധമായുണ്ടായ നടപടിയില്‍ കടുത്ത നിരാശയും വേദനയുമുണ്ടെന്ന് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.





