കട്ടപ്പന: ചെന്നൈയിൽ മർച്ചന്റ് നേവി കോഴ്സ് പഠിച്ചശേഷം ഇന്റേൺഷിപ്പിനായി ഇറാനിലേക്കു പോയ യുവാവിനെക്കുറിച്ചു വിവരമൊന്നുമില്ലെന്ന് അയ്യപ്പൻകോവിൽ ആലടിയിലുള്ള കുടുംബത്തിന്റെ പരാതി. ആലടി ആഞ്ഞിലിമൂട്ടിൽ ജോസിന്റെയും ലൈസാമ്മയുടെയും മകൻ ജെറിൻ ജോസഫിനെയാണു കുടുംബാംഗങ്ങൾക്കു ബന്ധപ്പെടാൻ സാധിക്കാത്തത്.
ചെന്നൈയിലുള്ള രുദ്രാക്ഷ് മർച്ചന്റ് നേവി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് 2025 ജൂലൈ 27ന് ആണു ജെറിൻ ഇന്റേൺഷിപ്പിനായി ഇറാനിലേക്കു പോയത്. ഓഗസ്റ്റ് ഒന്നിനു കപ്പലിൽ കയറി. ഒൻപതു മാസത്തെ ഇന്റേൺഷിപ്പിനായാണു പോയത്. യുദ്ധം ആരംഭിച്ചശേഷമാണു ജെറിനുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്നതെന്നു കുടുംബം പറയുന്നു.
ഫെബ്രുവരി 27നു രാത്രി ജെറിൻ കുടുംബാംഗങ്ങൾക്കു മെസേജ് അയച്ചിരുന്നു. അതിനുശേഷം വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്തിട്ടില്ല. അങ്ങോട്ടു ബന്ധപ്പെടാനും സാധിക്കുന്നില്ല. കോളജ് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ജെറിൻ സുരക്ഷിതനാണെന്നും യുദ്ധം കഴിഞ്ഞാലുടൻ തിരിച്ചെത്തുമെന്നുമാണ് അറിയിച്ചത്. മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി.





