ഹോർമുസിലേക്ക് കൂടുതൽ യുദ്ധക്കപ്പലുകൾ അയയ്ക്കാൻ ഇന്ത്യ; എണ്ണവാഹിനി കപ്പലുകൾക്ക് സുരക്ഷ കൂട്ടും

0
11

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് പ്രതിസന്ധിയിലായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്കായി കൂടുതൽ യുദ്ധക്കപ്പലുകൾ അയയ്ക്കാൻ ഇന്ത്യൻ നാവികസേന. 

ഹോർമുസ് കടലിടുക്കിന്റെ ദക്ഷിണഭാഗത്തുള്ള ഒമാൻ തീരക്കടലിലാണ് ഇന്ത്യൻ യുദ്ധക്കപ്പൽ വിന്യസിക്കുക. ഇന്ത്യൻ പതാകവാഹകരായ കൂടുതൽ ഇന്ധന കപ്പലുകളെ ഇതുവഴി കടന്നുപോകാൻ ഇറാൻ അനുവദിച്ചേക്കുമെന്ന പ്രതീക്ഷയാണ് നാവികസേനയുടെ പുതിയ നീക്കത്തിന് പിന്നിൽ.

ഈ അധിക വിന്യാസത്തോടെ മേഖലയിലെ ഇന്ത്യൻ യുദ്ധക്കപ്പലുകളുടെ എണ്ണം ആറ്-ഏഴ് വരെയാകും. ഈ ആഴ്ച ആദ്യം, യുഎഇയിലെ ഫുജൈറ തുറമുഖത്തുനിന്ന് പുറപ്പെട്ട  ഇന്ത്യൻ എണ്ണക്കപ്പൽ ഇന്ത്യൻ യുദ്ധക്കപ്പലിന്റെ അകമ്പടിയോടെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത് സുരക്ഷിതമായി എത്തിച്ചിരുന്നു.

ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാനെതിരെയുള്ള യുഎസ്-ഇസ്രയേൽ ആക്രമണം ആഗോള ക്രൂഡ് ഓയിൽ വിതരണത്തിന്റെ 20% കൈകാര്യം ചെയ്യുന്ന നിർണായക സമുദ്രപാതയായ ഹോർമുസ് കടലിടുക്കിനെ ഫലത്തിൽ അടച്ചിരിക്കുകയാണ്. ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 22 ഇന്ത്യൻ കപ്പലുകളാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്.

നിലവിൽ മൂന്ന് ഇന്ത്യൻ യുദ്ധക്കപ്പലുകൾ ഒമാൻ ഉൾക്കടലിൽ വിന്യസിച്ചിട്ടുണ്ട്. ശിവാലിക് (Shivalik), നന്ദാദേവി (Nanda Devi) എന്നീ രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കഴിഞ്ഞ ആഴ്ച ഹോർമുസ് കടലിടുക്ക് കടന്ന് സുരക്ഷിതമായി ഇന്ത്യയിലെത്തിയിരുന്നു. മേഖലയിലെ ഇന്ത്യൻ നാവികസേനയുടെ സാന്നിധ്യം ‘ഓപ്പറേഷൻ സങ്കൽപ്പിന്’ (Operation Sankalp) കീഴിലാണ് തുടരുന്നത്.

ഫെബ്രുവരി 28-ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ഹോർമുസ് മേഖലയിലെ തങ്ങളുടെ യുദ്ധക്കപ്പലുകളുടെ സാന്നിധ്യത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും ഇന്ത്യൻ നാവികസേന ഇതുവരെ ഔദ്യോഗികമായി പങ്കുവെച്ചിട്ടില്ല. കൂടാതെ, 2008 ഒക്ടോബർ മുതൽ ഇന്ത്യൻ വ്യാപാര കപ്പലുകൾക്ക് സംരക്ഷണം നൽകാനായി ഒരു യുദ്ധക്കപ്പൽ ഏഡൻ ഉൾക്കടലിൽ പട്രോളിംഗ് നടത്തുന്നുണ്ട്.