ന്യൂഡൽഹി: ഫയർ എക്സിറ്റുകളില്ലാത്ത നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 3 കുട്ടികളടക്കം ഒരു കുടുംബത്തിലെ 9 പേർ മരിച്ചു. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ പാലം കോളനി റാം ചൗക്കിൽ ഇന്നലെ രാവിലെ 6 മണിയോടെയാണ് തീപിടിത്തമുണ്ടായത്.
വസ്ത്ര വ്യാപാരിയായ രാജേന്ദർ കശ്യപിന്റെ വ്യാപാര സ്ഥാപനവും വീടും അടങ്ങുന്ന കെട്ടിടമാണു കത്തി നശിച്ചത്. നാലാം നിലയിൽ താമസിച്ചിരുന്ന രാജേന്ദർ കശ്യപിന്റെ ഭാര്യ ലാഡോ (70), മക്കളായ പ്രവേശൻ (33), കമൽ (39), മകൾ ഹിമാൻഷി (22), മരുമക്കളായ ആഷു (35), ദീപിക (28), 15, 6, 3 വയസ്സുള്ള പേരക്കുട്ടികൾ എന്നിവരാണു മരിച്ചത്. രക്ഷപ്പെടുത്താനായി നാലാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞപ്പോഴുണ്ടായ ആഘാതത്തിലാണ് 3 വയസ്സുകാരി മരിച്ചത്.
ഇടുങ്ങിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ താഴത്തെ 3 നിലകളിലായി വസ്ത്ര, സൗന്ദര്യവർധക വസ്തുക്കളുടെ ഷോറൂമും നാലാം നിലയിലെ ഫ്ലാറ്റിൽ കടയുടെ ഉടമകളുടെ കുടുംബത്തിലെ 19 പേരുമാണ് കഴിഞ്ഞിരുന്നത്. മുകൾനിലയിലേക്ക് കയറാൻ ഒരു ചെറിയ പടിക്കെട്ടും ലിഫ്റ്റുമാണ് ഉണ്ടായിരുന്നത്. ഷോർട് സർക്കീറ്റിനെ തുടർന്ന് താഴത്തെ നിലയിലെ വസ്ത്രങ്ങൾക്കു തീപിടിക്കുകയും മുകളിലേക്ക് വ്യാപിക്കുകയുമായിരുന്നു.
തീ പടർന്നതോടെ ലിഫ്റ്റ് പ്രവർത്തനരഹിതമാകുകയും പടിക്കെട്ടിലേക്ക് തീ വ്യാപിച്ച് കുടുംബം ഫ്ലാറ്റിൽ കുടുങ്ങുകയും ചെയ്തു. കുടുംബത്തിലെ മറ്റുള്ളവരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. കെട്ടിടത്തിൽ ഫയർ എക്സിറ്റുകളില്ലായിരുന്നതാണ് മരണസംഖ്യയുയരാൻ കാരണമായതെന്നു പൊലീസ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മരിച്ച മുതിർന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും കുട്ടികളുടെ കുടുംബത്തിന് 5 ലക്ഷം രൂപവീതവും പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതവും ഡൽഹി സർക്കാരും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു.





