സംയുക്ത ഇന്ത്യൻ സൈനിക മേധാവി സഞ്ചരിച്ച സൈനിക ഹെലികോപ്റ്റർ തകർന്നു വീണ സംഭവം; മരണം 13 ആയി, ബിപിൻ റാവത്ത് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

0
758

ഊട്ടി: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റർ ഊട്ടിയിലെ കൂനൂരിൽ തകർന്നു വീണ സംഭവത്തിൽ 13 പേർ മരിച്ചതായി വാർത്താ ഏജൻസിയായ എ.എൻ.ഐ സ്ഥിരീകരിച്ചു. 80 ശതമാനം പൊള്ളലേറ്റ ബിപിൻ റാവത്തിന്‍റെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

കൂനുരിലെ സൈനിക ആശുപത്രിയിലാണ് റാവത്ത് ഇപ്പോഴുള്ളത്. മരിച്ചവരെ തിരിച്ചറിയാനായി ഡി.എൻ.എ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു. ഉച്ചക്ക് 12.20 ഓടെ ഊട്ടിയിലെ കൂനൂരിലെ നഞ്ചപ്പ ചത്രത്തിനും കട്ടേരി ഫാമിനും സമീപത്തായിരുന്നു അപകടം. ബിപിൻ റാവത്തും ഭാര്യയും അടക്കം 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഡിഫൻസ് സർവീസസ് കോളജിൽ സംഘടിപ്പിച്ച കേഡറ്റ് ഇന്‍ററാക്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാനായാണ് കോയമ്പത്തൂരിലെ സുലൂർ വ്യോമകേന്ദ്രത്തിൽ നിന്ന് വെല്ലിങ്ടൺ കന്‍റോൺമെന്‍റിലെ ഡിഫൻസ് സർവീസസ് കോളജിലേക്ക് സംഘം യാത്ര തിരിച്ചത്.

ഉച്ചക്ക് 2.40ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ 11.40നാണ് ബിപിൻ റാവത്തും സംഘവും ഹെലികോപ്റ്ററിൽ പുറപ്പെട്ടത്. വ്യോമസനേയുടെ നൂതന എം.ഐ 17 വി 5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ബിപിൻ റാവത്തിനെ കൂടാതെ പത്നി മധുലിക റാവത്ത്, ബ്രിഗേഡിയർ ലിദ്ദർ, ലഫ്റ്റനന്‍റ് കേണൽ ഹർജിന്ദർ സിങ്, നായിക് ഗുരുസേവക് സിങ്, നായിക് ജിതേന്ദ്ര കുമാർ, ലാൻസ്നായിക് വിവേക് കുമാർ, ലാൻസ്നായിക് ബി. സായി തേജ, ഹവിൽദാർ സത്പാൽ തുടങ്ങിയവരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

12.10 ന് വെല്ലിങ്ടൺ കന്‍റോൺമെന്‍റിൽ എത്തിയെങ്കിലും മൂടൽമഞ്ഞ് കാരണം ഹെലികോപ്റ്റർ ഇറക്കാൻ സാധിച്ചില്ല. തുടർന്ന് ഹെലികോപ്റ്റർ സുലൂർ വ്യോമകേന്ദ്രത്തിലേക്ക് മടങ്ങി. 10 കിലോമീറ്റർ പിന്നിട്ടതോടെ ഏകദേശം 12.20ന് കുനൂരിലെ കട്ടേരി ഫാമിന് സമീപത്തായി ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കോപ്റ്ററിന്‍റെ ചിറക് മരത്തിൽ ഇടിച്ച് തകർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. അപകടസ്ഥലത്തിന് 300 മീറ്റർ ചുറ്റളവിൽ സൈന്യം, പൊലീസ്, അഗ്നിശമനസേന എന്നിവരുടെ നേതൃത്വത്തിലാണ് കാണാതായവർക്ക് വേണ്ടി തിരച്ചിൽ നടത്തിയത്. അപകടത്തെ കുറിച്ച് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.

കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങും വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവർ സംഭവസ്ഥലത്ത് എത്തുമെന്നാണ് റിപ്പോർട്ട്.