ന്യൂഡൽഹി: ഹൈദരാബാദിൽനിന്നുള്ള എയർഇന്ത്യ എക്സ്‌പ്രസ് വിമാനം തായ്‌ലൻഡിലെ ഫുക്കറ്റ് വിമാനത്താവളത്തിൽ ഹാർഡ് ലാൻഡിങ് നടത്തി. നിലത്തിറക്കുന്നതിനിടെ വിമാനത്തിന്റെ മുൻവശത്തെ ലാൻഡിങ് ഗിയറിന് (ചക്രം) കേടുപാടുണ്ടായി.
റൺവേയിലൂടെ നീങ്ങുന്നതിനിടെ, വിമാനത്തിന്റെ മുൻവശത്തെ ചക്രഭാഗം (നോസ് വീൽ) വേർപ്പെട്ട് റൺവേയിൽ ഉരസി നീങ്ങുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു. സംഭവത്തെ തുടർന്ന് റൺവേ താൽക്കാലികമായി അടച്ചു. ബോയിങ് 737 മാക്സ് 8 വിമാനത്തിൽ 133 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
വിമാനത്താവള അധികൃതർ ഉടൻ തന്നെ സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു. തകർന്ന ചക്രഭാഗങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹൈദരാബാദ് – ഫുക്കറ്റ് വിമാനത്തിന് ഫുക്കറ്റ് വിമാനത്താവളത്തിൽവച്ച് മുൻവശത്തെ ചക്രത്തിന് സാങ്കേതിക തകരാർ സംഭവിച്ചതായി എയർഇന്ത്യ എക്സ്‌പ്രസ് പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയെന്നും എയർ ഇന്ത്യ എക്സ്‌പ്രസ് വക്താവ് പറഞ്ഞു.
വിമാനം ലാൻഡ് ചെയ്യുമ്പോൾ റൺവേയിൽ സാധാരണയേക്കാൾ ശക്തമായി അടിച്ചിറങ്ങുന്ന അവസ്ഥയാണിത്. മോശം കാലാവസ്ഥ, ഉയർന്ന വേഗം, പൈലറ്റിന്റെ നിയന്ത്രണത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ, അപ്രതീക്ഷിതമായി കാറ്റിലുണ്ടാകുന്ന മാറ്റങ്ങൾ, പൈലറ്റ് റൺവേ കാണാൻ വൈകുന്നത് തുടങ്ങിയ കാരണങ്ങളാണ് ഹാർഡ് ലാൻഡിങ് ഉണ്ടാകാനുള്ള കാരണം. ഇങ്ങനെ ഹാർഡ് ലാൻഡിങ് ഉണ്ടായാൽ ലാൻഡിങ് ഗിയറുകൾക്കു കേടുപാടുകൾ വരാം. നോസ് വീൽ അല്ലെങ്കിൽ മെയിൻ ഗിയർ നശിക്കാം.
വിമാനത്തിന്റെ മുന്നിൽ കോക്പിറ്റിന്റെ താഴെയുള്ള ചക്രമാണ് നോസ് വീൽ. വിമാനത്തിന്റെ ലാൻഡിങ് ഗിയർ സംവിധാനത്തിന്റെ ഭാഗമാണിത്. വിമാനം റൺവേയിലൂടെ സഞ്ചരിക്കുമ്പോൾ, തിരിയുമ്പോൾ, ലാൻഡ് ചെയ്യുമ്പോൾ ഒക്കെ ഇതു വളരെ പ്രധാനമാണ്. വിമാനം നിലത്തുനിൽക്കുമ്പോൾ മുന്നിലെ ഭാഗത്തിന്റെ ഭാരം ഇതു താങ്ങുന്നു. വിമാനം ഗേറ്റിൽനിന്ന് റൺവേയിലേക്കു പോകുമ്പോൾ നോസ് വീൽ വഴിയാണ് ദിശ നിയന്ത്രിക്കുന്നത്. വിമാനം നിലത്തിറങ്ങുമ്പോൾ പ്രധാന ചക്രങ്ങൾ ആദ്യം നിലം തൊടും; പിന്നീട് നോസ് വീൽ നിലത്ത് തൊടുമ്പോഴാണ് വിമാനത്തെ നിയന്ത്രിതമാക്കുന്നത്.
..





