എൽപിജി ക്ഷാമത്തിനിടെ കുതിച്ചുയർന്ന് ഇൻഡക്ഷൻ കുക്കർ വിൽപന; കോളടിച്ചത് കമ്പനികൾക്ക്

രാജ്യമാകെ എൽപിജി ക്ഷാമഭീതി ആഞ്ഞടിക്കുകയും സിലിണ്ടർ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെ ഇൻഡക്ഷൻ കുക്കർ വിൽപന കുതിച്ചുയരുന്നു. ഗൃഹോപകരണ, ഇലക്ട്രോണിക്സ് ഷോറൂമുകളിലും ഓൺലൈനിലും കഴിഞ്ഞ ശനിയാഴ്ച മുതൽ അസാധാരണമായ വിൽപന വർധനയും അന്വേഷണങ്ങളുമാണ് ദൃശ്യമാകുന്നത്. ഓൺലൈനിലാണ് കൂടുതലും.

രാജ്യത്ത് ചില ഷോറൂം ശൃംഖലകൾ സാധാരണ 35-40 ഇൻഡക്ഷൻ കുക്കറുകളാണ് വിറ്റഴിച്ചിരുന്നതെങ്കിൽ‌ ഇപ്പോഴത് 150ന് അടുത്തായി. അജ്മൽ ബിസ്മി ഷോറൂമുകളിൽ വിൽപന വർധനയുണ്ടെന്ന് ഗ്രൂപ്പ് മേധാവി വി.എ. അജ്മൽ‌ മനോരമ ഓൺലൈനിനോട് പറഞ്ഞു. മൈജി ഷോറൂമുകളിലും അന്വേഷണങ്ങൾ ഉയർന്നുവെന്ന് സെയിൽ വിഭാഗം പ്രതിനിധി രതീഷ് പറഞ്ഞു. ‌

വിൽപനയും അന്വേഷണങ്ങളും വർധിച്ചതോടെ ഇൻഡക്ഷൻ കുക്കർ നിർമാണക്കമ്പനികളുടെ ഓഹരിവിലയും ഇന്ന് കുതിച്ചു. ബോറോസിൽ 13%, ബജാജ് ഇലക്ട്രിക്കൽ‌സ് 7%, ടികെകെ പ്രസ്റ്റീജ് 7%, ഹോക്കിൻസ് 4.8% എന്നിങ്ങനെ നേട്ടമുണ്ടാക്കി. ബട്ടർഫ്ലൈ ഗാന്ധിമതി അപ്ലയൻസസ് ഓഹരി 2 ശതമാനവും ഉയർന്നു.

പ്രതിവർഷം 31.3 മില്യൻ ടൺ എൽപിജിയാണ് ഇന്ത്യയിലെ ഉപഭോഗം. ഇതിന്റെ 87 ശതമാനവും വീടുകളിലാണ്. എൽപിജി ക്ഷാമപ്പേടിക്ക് പിന്നാലെ ഇൻഡക്ഷൻ കുക്കറിന് ഡിമാൻഡ് കൂടാനും ഇതാണ് കാരണമെന്ന് വിലയിരുത്തുന്നു. യുദ്ധപശ്ചാത്തലത്തിൽ എൽപിജി വില വർധിച്ചതും വില ഇനിയും ഉയരാനുള്ള സാധ്യതകളും ഇൻഡക്ഷൻ കുക്കറിനുള്ള ഡിമാൻഡ് കൂട്ടി.

അതേസമയം, ആഭ്യന്തര എൽപിജി ഉൽപാദനം വർധിപ്പിച്ചും സിലിണ്ടർ വിതരണം അവശ്യമേഖലയ്ക്കുമായി നിയന്ത്രിച്ചും പ്രതിസന്ധി തരണം ചെയ്യാനുള്ള ശ്രമത്തിലാണ് കേന്ദ്രവും പൊതുമേഖലാ എണ്ണവിതരണക്കമ്പനികളും. വീടുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവയ്ക്കു മാത്രമായാണ് നിലവിൽ എൽപിജി വിതരണം. ഹോട്ടലുകളെയും റസ്റ്ററന്റുകളെയും ഒഴിവാക്കി. ആഭ്യന്തര ഉൽപാദനം 10% വർധിച്ചെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ പരിശോധിച്ച് നിയന്ത്രണത്തിൽ ഇളവ് വരുത്തുമെന്നും കേന്ദ്രവും എണ്ണക്കമ്പനികളും അറിയിച്ചിട്ടുണ്ട്.