എൽപിജി വില വീണ്ടും കൂട്ടി; യുദ്ധത്തിന്റെ ആഘാതം എത്തുംമുൻപേ വൻ തിരിച്ചടി

0
7

എൽപിജി സിലിണ്ടറിന് വില വീണ്ടും കൂട്ടി പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, തട്ടുകടകൾ എന്നിവയ്ക്കാണ് പ്രധാന തിരിച്ചടി.

ഇന്നു പ്രാബല്യത്തിൽ‌ വന്നവിധം 28 രൂപ മുതൽ 31 രൂപവരെയാണ് വിലവർധന. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണം നടത്തിയ ഫെബ്രുവരി ഒന്നിന് 49 രൂപയും കൂട്ടിയിരുന്നു. ജനുവരി 1ന് 111 രൂപ വർധിപ്പിച്ചതിന് പിന്നാലെയായിരുന്നു അതും

ഇറാൻ-ഇസ്‌റാഈൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര ക്രൂഡ് ഓയിൽ വില കൂടിയേക്കുമെന്നാണ് പൊതുവിലയിരുത്തൽ. ഇതിന്റെ പ്രതിഫലനമെന്നോണം വരുംമാസങ്ങളിലും എൽ‌പിജി വിലയും കുതിച്ചേക്കും. പെട്രോൾ, ഡീസൽ വില കൂടുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. കൊച്ചിയിൽ 19 കിലോഗ്രാം സിലിണ്ടറിന് 1,776 രൂപയാണ് പുതുക്കിയ വില. തിരുവനന്തപുരത്ത് 1,797 രൂപ. കോഴിക്കോട്ട് 1,808 രൂപ.

വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറിന്റെ വിലയിൽ ഇത്തവണയും മാറ്റമില്ല. കോഴിക്കോട്ട് വില 861.5 രൂപ. കൊച്ചിയിൽ 860 രൂപ. തിരുവനന്തപുരത്ത് 862 രൂപ. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന് (14.2 കിലോഗ്രാം) ഏറ്റവുമൊടുവിൽ വില പരിഷ്കരിച്ചത് 2024 മാർച്ച് എട്ടിനായിരുന്നു. വനിതാദിനത്തിൽ വീട്ടമ്മമാർക്കുള്ള സമ്മാനമെന്നോണം 100 രൂപ കുറയ്ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്നു പ്രഖ്യാപിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ ഏപ്രിൽ ഏഴിന് 50 രൂപ കൂട്ടുകയും ചെയ്തിരുന്നു. വാണിജ്യ സിലിണ്ടറിന് പിന്നീട് വില തുടർച്ചയായി കുറച്ചിട്ടും ഗാർഹിക സിലിണ്ടർ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയാറായിയിരുന്നില്ല. രാജ്യത്ത് 90% എൽപിജിയും ഉപയോഗിക്കുന്നത് വീടുകളിൽ പാചകാവശ്യത്തിനാണ്. 10% മാത്രമേ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നുള്ളൂ.