ന്യൂഡൽഹി: ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ മേയ് രണ്ടാം വാരത്തോടെ നടപ്പിലാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം. കഴിഞ്ഞ വർഷം ജൂലൈയിൽ ഒപ്പുവച്ച സമഗ്ര സാമ്പത്തിക വ്യാപാര കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള 99 ശതമാനം ഉൽപന്നങ്ങൾക്കും ബ്രിട്ടീഷ് വിപണിയിൽ ഇനി നികുതി നൽകേണ്ടതില്ല. ഇത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് വലിയ അവസരമൊരുക്കും. കരാർ നിലവിൽ വരുന്നതോടെ യുകെയിൽ നിന്നുള്ള വിസ്കി, കാറുകൾ എന്നിവയ്ക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി തീരുവ കുറയ്ക്കും. ഇതോടെ വിദേശ കാറുകൾക്കും മദ്യത്തിനും ഇന്ത്യൻ വിപണിയിൽ വില കുറയാൻ സാധ്യതയുണ്ട്.
ഒമാനുമായുള്ള വ്യാപാര കരാർ ജൂൺ ഒന്നിനും, ന്യൂസിലൻഡുമായുള്ള കരാർ ഏപ്രിൽ 27നും ഒപ്പുവയ്ക്കുമെന്നും രാജേഷ് അഗർവാൾ അറിയിച്ചു. ന്യൂസിലൻഡുമായുള്ള കരാറിലൂടെ അടുത്ത 15 വർഷത്തിനുള്ളിൽ 2,000 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള നിർണായകമായ വ്യാപാര കരാർ ഈ വർഷം അവസാനത്തോടെ ഒപ്പുവയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കരാറുകളെല്ലാം പൂർണമായി നടപ്പിലാകുന്നതോടെ ആഗോള വിപണിയിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഇത് കരുത്തേകുമെന്നും അധികൃതർ വ്യക്തമാക്കി. കാനഡയുമായുള്ള വ്യാപാര ചർച്ചകളുടെ അടുത്ത ഘട്ടം മേയ് മാസത്തിൽ ഡൽഹിയിൽ നടക്കും.
….





