നീ മിണ്ടുന്നില്ലെങ്കിൽ ഇനി ഞാനൊരിക്കലും ചോറും കറിയും വെക്കില്ല; ഹൃദയം തകർന്ന് അജീഷിന്റെ അമ്മ

0
7

കോഴിക്കോട്: മകന്റെ ചേതനയറ്റ ശരീരംകണ്ട് അജീഷിന്റെ അമ്മയുടെ കരച്ചിൽ ആരെയും നോവിപ്പിക്കുന്നതായിരുന്നു. ”നീ എന്നെ ഒറ്റയ്ക്കാക്കി പോയില്ലേടാ… നീ എന്തിനാടാ ഭക്ഷണംകഴിക്കാൻ വണ്ടിയെടുത്തുപോയത്? നിനക്കുവേണ്ടത് ഞാനിവിടെ ഉണ്ടാക്കി കാത്തിരിക്കുന്നുണ്ടായിരുന്നല്ലോ…” എന്ന അമ്മയുടെ ചോദ്യങ്ങൾക്കുമുന്നിൽ മറുപടിയില്ലാതെ വിതുമ്പുകയാണ് നാട്. ”നീ മിണ്ടുന്നില്ലെങ്കിൽ ഇനി ഞാനൊരിക്കലും നല്ലൊരു ചോറും കറിയും വെക്കില്ല…” എന്ന ആ അമ്മയുടെ വാക്കുകൾ ആ വീടിന്റെ ശൂന്യതയെ മുഴുവൻ വിളിച്ചുപറയുന്നുണ്ട്.

സഹോദരങ്ങളുടെ തണൽ

അജീഷ് ആ കുടുംബത്തിന്റെ വെറുമൊരു മകനായിരുന്നില്ല. രോഗബാധിതരായ രണ്ട് സഹോദരങ്ങളുടെ കൈപിടിച്ചുനടന്നിരുന്ന കരുത്തായിരുന്നു അവൻ. അവരെ ആശുപത്രിയിൽ കൊണ്ടുപോകുന്നതും പരിചരിക്കുന്നതുമെല്ലാം അജീഷായിരുന്നു. ആ തണൽമരമാണ് ഇന്ന് വേരറ്റുവീണത്. താങ്ങും തണലുമായ സഹോദരൻ ഇനി മടങ്ങിവരില്ലെന്ന സത്യം ആ വീടിനെയാകെ തളർത്തിയിരിക്കുന്നു. സഹോദരൻ രാജേഷിന്റെ വേദന വാക്കുകൾക്കപ്പുറമായിരുന്നു. ആദ്യം അജീഷിന്റെ മൃതദേഹം കാണാൻപോലും രാജേഷ് തയ്യാറായില്ല. ”ഈ രൂപത്തിൽ എനിക്കവനെ കാണണ്ട, എന്റെ മനസ്സിൽ അവന്റെ നല്ലരൂപമുണ്ട്, അതുമതി എനിക്ക്” എന്നുപറഞ്ഞ് ആർത്തുകരയുകയായിരുന്നു രാജേഷ്. ഒടുവിൽ നാട്ടുകാരുടെ നിർബന്ധത്തിനുവഴങ്ങി അജീഷിനെ അവസാനമായി കണ്ടപ്പോൾ രാജേഷ് തകർന്നുപോയി. ”എന്തിനായിരുന്നു ദൈവമേ, എനിക്കവനെ ഇങ്ങനെ കാണാൻ വിധിതന്നത്” എന്ന രാജേഷിന്റെ ചോദ്യം കണ്ടുനിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി.

അപകടം സംഭവിച്ചത് അമ്പലത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ പോകുന്ന വഴി

പഴയ ദേശീയപാതയിൽ നല്ലളം ഡീസൽപ്ലാന്റിനു സമീപം കാർ ലോറിയിലിടിച്ച് അജീഷടക്കം നാലു യുവാക്കളാണ് മരിച്ചത്. രാമനാട്ടുകര പരിയാപുരത്ത് ശ്രീദിൻ വീട്ടിൽ ദിനിൽ (31), ഫാറൂഖ് കോളേജ് കളിപ്പറമ്പിൽ കെ.പി. വിമൽകുമാർ (36), കളിപ്പറമ്പിൽ ശ്യാംനിവാസിൽ ശ്യാംലാൽ (33) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 3.25-നായിരുന്നു അപകടം .

തിരൂരിൽനിന്ന് കണ്ണൂരിലേക്ക് ചെങ്കല്ല് ലോഡെടുക്കാൻ വരുകയായിരുന്ന ലോറിയും രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ലോറിയ ടെ മുൻഭാഗവും ഭാഗികമായി തകർന്നു. മോഡേൺ ബസാർ കഴിഞ്ഞയുടൻ വരുന്ന കൊടുംവളവിന് തൊട്ടുമുൻപാണ് സംഭവം നടന്നത്. ഫാറൂഖ് കോളേജിനുസമീപം കോട്ടശ്ശാലി ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്തശേഷം ഭക്ഷണം കഴിക്കാൻ രണ്ടുകാറുകളിലായി കോഴിക്കോട്ട് പോയി തിരികെവരുന്നതിനിടയിലാണ് കാർ യാത്രികരായ യുവാക്കൾ അപകടത്തിൽപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽപ്പെട്ട പന്തീരാങ്കാവ് കൊടൽ നടക്കാവ് സ്വദേശി ദിജിൽ ഗുരുതര പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കടപ്പാട്: മാതൃഭൂമി ഓൺലൈൻ