കെഎംസിസി യുടെ പ്രവർത്തനങ്ങൾ മാതൃകാപരം: കെ. സുധാകരൻ

ജിദ്ദ: ലോക രാജ്യങ്ങളിൽ വ്യാപിച്ച് കിടക്കുന്ന കെ.എം.സി.സി പ്രവാസ ലോകത്തും കേരളക്കരയിലും നടത്തുന്ന ജീവകാരുണ്യ സേവന പ്രവർത്തനങ്ങളെ അത്ഭുതത്തോടെയും ആകാംക്ഷയോടെയും സന്തോഷത്തോടെയുമാണ് നോക്കി കാണാറുള്ളതെന്നും സമൂഹത്തിലെ കഷ്ടപെടുന്ന മുഴുവൻ ജനവിഭാഗങ്ങൾക്കും കൈതാങ്ങ് നൽകുന്ന കെ.എം.സി.സി കേരളത്തിന് തന്നെ അഭിമാനമാണെന്നും കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ എം.പി പറഞ്ഞു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി തലപ്പാറ പുള്ളാട്ട് കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച സ്നേഹ സംഗമത്തിൻ്റെ ഭാഗമായി കോവിഡ് കാലത്ത് നാട്ടിൽ വന്ന് കുടുങ്ങിയ പ്രവാസികളുടെ കുടുംബത്തിന് നൽകുന്ന സ്നേഹ സമ്മാനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് പാവങ്ങളെ സഹായിക്കാനായി പല തവണ താൻ കെ.എം.സി സി ഭാരവാഹികൾക്ക് കത്തെഴുതിയിട്ടുണ്ടെന്നും എന്ത് ആവശ്യപെട്ടാലും ആത്മാർത്ഥമായ സമീപനമാണ് എന്നും കെ.എം.സി.സി നേതാക്കൾ കാണിക്കാറുള്ളത് എന്നും അതിനുള്ള കടപ്പാടും നന്ദിയും രേഖപെടുത്താനാണ് ഏറെ തിരക്കുള്ള പരിപാടികളുള്ള ദിവസമായിട്ടും താനിവിടെ എത്തിയതെന്നുമുള്ള കെ. സുധാകരന്റെ പ്രഖ്യാപനം തിങ്ങിനിറഞ്ഞ സദസ്സ് കരഘോഷത്തോടെയാണ് വരവേറ്റത്. കേരളത്തിൻ്റെ വിവിധ ജില്ലകളിലേക്ക് സ്നേഹ സമ്മാനവുമായി പുറപ്പെടുന്ന വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് അദ്ദേഹം നിർവഹിച്ചു.

പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ വിശ്രമജീവിതം നയിക്കുന്ന 60 വയസ്സ് പൂർത്തിയായ മുൻ പ്രാവാസികൾക്കായി ജിദ്ദ കെ.എം.സി.സി നടപ്പാക്കുന്ന പ്രതിമാസ പെൻഷൻ പദ്ധതി മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുൻ പ്രവാസികളായ പാഴേരി കുഞ്ഞി മുഹമ്മദിനും മൂസ്സ കൊട്ടപ്പുറത്തിനും നൽകി ഉദ്ഘാടനം ചെയ്തു. പതിറ്റാണ്ടുകൾ പ്രവാസ ലോകത്ത് കഷ്ടപ്പെട്ട് ജോലി ചെയ്ത്
നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് പ്രതിമാസ പെൻഷൻ നൽകാൻ ഒരു സംഘടന തയ്യാറാവുന്നു എന്നത് ചരിത്ര സംഭവമാണെന്നും ജിദ്ദ കെ.എം.സി.സി യെ മാതൃകയാക്കി ഇത്തരം പ്രവർത്തനങ്ങൾക്ക് മറ്റ് കെ.എം.സി.സി കമ്മിറ്റികളും മറ്റുള്ള പ്രവാസി സംഘടനകളും മുന്നോട്ട് വരണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

കേരളത്തിലെ വിവിധ സി.എച്ച് സെൻ്ററുകൾക്കായി ഈ വർഷം ജിദ്ദ കെ.എം.സി.സി നൽകുന്ന 47 ലക്ഷം രൂപ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി എം. എൽ.എ ജിദ്ദ കെ.എം.സി.സി ട്രഷർ അൻവർ ചേരങ്കെയിൽ നിന്നും ഏറ്റുവാങ്ങി. സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങളെ എന്നും ചേർത്ത് പിടിക്കുന്ന സംഘടനാ സംസ്കാരമാണ് മുസ്‌ലിം ലീഗിനും കെ.എം.സി.സിക്കുമുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. കെ.എം.സി.സിയുടെ ഏറ്റവും ശക്തമായ ഘടകമായ ജിദ്ദ കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ എന്നും പാർട്ടിക്ക് അഭിമാനവും പാവങ്ങൾക്ക് സഹായകരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജിദ്ദ കെ.എം.സി.സി. സീനിയർ വൈസ് പ്രസിഡൻ്റ് വി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥന ജനറൽ സെക്രട്ടി പി.എം.എ സലാം, കെ.പി.എ. മജീദ് എം എൽ എ, അബ്ദുറഹ്മാൻ കല്ലായി, പ്രൊ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ, പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ, മലപ്പുറം ഡി സി സി പ്രസിഡന്റ്‌ അഡ്വ. വി. എസ് ജോയ്, കെ പി സി സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, ചന്ദ്രിക മാനേജിംഗ് എഡിറ്റർ എം. ഉമ്മർ, കോഴിക്കോട് ജില്ല മുസ്‌ലിം ലീഗ് പ്രസിഡൻറ് ഉമ്മർ പാണ്ടികശാല, സെക്രട്ടറി സി.കെ.റസാഖ് മാസ്റ്റർ, എ.പി ഇബ്‌റാഹീം മുഹമ്മദ്, ടി. പി എം ബഷീർ, നിസ്സാം മമ്പാട്, ലത്തീഫ് മുസ്‌ലിയാരങ്ങാടി , പി.എം.എ ജലീൽ, അബ്ദുല്ല പാലേരി, ഗഫൂർ പട്ടിക്കാട്, സി.കെ ശാക്കിർ, എം.എം. കുട്ടി മൗലവി, പി.എച്ച്എസ് തങ്ങൾ, സി. എച്ച് മഹ്മൂദ് ഹാജി, ഒ.കെ.എം. മൗലവി, നാസർ എടവനക്കാട്, കുഞ്ഞിമുഹമ്മദ് പട്ടാമ്പി, സി.കെ.അബ്ദുറഹ്മാൻ, മജീദ് അരിമ്പ്ര, ഷൗക്കത്ത് ഒഴുകൂർ, കാവുങ്ങൽ മുഹമ്മദ്, ഹനീഫ മൂന്നിയൂർ, എൻ. മുഹമ്മദ്, രായീൻ കുട്ടി, സി.സി.കരീം, ജലീൽ ഒഴുകൂർ, ആലികുട്ടി ഒളവട്ടൂർ, മാതാപ്പുഴ മുഹമ്മദ് കുട്ടി, ബഷീർ മൂന്നിയൂർ എന്നിവർ പ്രസംഗിച്ചു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതം പറഞ്ഞു.