ന്യൂഡൽഹി: ഫ്രാൻസിൽനിന്ന് 114 റഫാൽ യുദ്ധവിമാനങ്ങൾ (മൾട്ടി റോൾ ഫൈറ്റർ എയർക്രാഫ്റ്റ്) വാങ്ങുന്നതുൾപ്പെടെ സമീപകാലത്തെ ഏറ്റവും വലിയ പ്രതിരോധ ഇടപാടുകൾക്ക് അനുമതി നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ റഫാൽ ഉൾപ്പെടെ 3.60 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടുകൾക്കാണ് അനുമതി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ഈ മാസം 17-ന് ഇന്ത്യ സന്ദർശിക്കാനിരിക്കേയാണിത്.
റഫാൽ യുദ്ധവിമാനങ്ങൾക്ക് 3.25 ലക്ഷം കോടിയുടെ ഇടപാടുകൾക്ക് പ്രതിരോധസെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഡിഫൻസ് പ്രൊക്യുർമെന്റ് ബോർഡ് കഴിഞ്ഞ മാസം അനുമതി നൽകിയിരുന്നു. ഇനി പ്രധാനമന്ത്രി അധ്യക്ഷനായുള്ള കാബിനറ്റ് സുരക്ഷാസമിതിയുടെ അംഗീകാരം വേണം.
വ്യോമസേനയുടെ മൾട്ടി റോൾ ഫൈറ്റർ എയർക്രാഫ്റ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് കൂടുതൽ റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നത്. ഇതോടെ ഫ്രാൻസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റഫാൽ വിമാനങ്ങളുള്ള വ്യോമസേനയായി ഇന്ത്യൻ വ്യോമസേന മാറും. നിലവിൽ 36 റഫാൽ യുദ്ധവിമാനങ്ങളാണ് വ്യോമസേനയ്ക്കുള്ളത്.
ഇന്ത്യയിൽ നിർമിക്കും 96 എണ്ണം
റഫാൽ യുദ്ധവിമാനങ്ങളിൽ 18 എണ്ണം ഫ്രാൻസ് നിർമിച്ച് ഇന്ത്യക്ക് കൈമാറും. ബാക്കി 96 വിമാനങ്ങൾ തദ്ദേശീയമായി നിർമിക്കും. സിംഗിൾ സീറ്റ് വിമാനങ്ങൾ 88-ഉം ട്വിൻ സീറ്റ് വിമാനങ്ങൾ 26-ഉം ഉണ്ടാകും. നിർമാണത്തിന് ഇന്ത്യയിലെ സ്വകാര്യ കമ്പനികളുമായി ദെസോ ഏവിയേഷൻ സഹകരിക്കും.
മറ്റ് ഇടപാടുകൾ
#കോംബാറ്റ് മിസൈലുകളും എയർഷിപ്പ് ബേസ്ഡ് ഹൈ ആൾട്ടിറ്റിയൂഡ് സ്യൂഡോ സാറ്റലൈറ്റുകളും
#കരസേനയ്ക്കായി വൈഭവ് ആന്റി ടാങ്ക് മൈനുകൾ
#ആർമേഡ് റിക്കവറി വെഹിക്കിൾ പ്ലാറ്റ്ഫോമുകൾ, ടി-72 ടാങ്കുകൾ, ഇൻഫൻട്രി യുദ്ധവാഹനങ്ങൾ എന്നിവയുടെ അഴിച്ചുപണിക്കുള്ള കരാർ
#നാവികസേനയ്ക്കായി നാല് മെഗാവാട്ട് മറൈൻ ഗ്യാസ് ടർബൈൻ അധിഷ്ഠിത ഇലക്ട്രിക് പവർ ജനറേറ്റർ
#അമേരിക്കയുടെ പി-81 ലോങ് റേഞ്ച് മാരിടൈം റികണൈസൻസ് എയർക്രാഫ്റ്റ് (28,000 കോടി)
#തീരസംരക്ഷണ സേനയ്ക്കായി ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് സിസ്റ്റം ഫോർ ഡ്രോണിയർ എയർക്രാഫ്റ്റ്
2312 കോടി രൂപ, ഡോർണിയർ വരുന്നു
എട്ട് ഡോർിയർ 228 വിമാനങ്ങൾക്ക് എച്ച്എഎല്ലുമായി പ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടു.





