പ്രഫസറുമായി ബന്ധമെന്ന് സഹപാഠികൾ പ്രചരിപ്പിച്ചു; മെഡിക്കൽ വിദ്യാർഥിനി ജീവനൊടുക്കി

ബെംഗളൂരു: പ്രഫസറുമായി ബന്ധമുണ്ടെന്ന് സഹപാഠികൾ പ്രചരിപ്പിച്ചതിൽ മനംനൊന്ത് മെഡിക്കൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. കർണാടക മല്ലദിഹള്ളിയിലെ രാഘവേന്ദ്ര ആയുർവേദ കോളജിൽ ബിഎഎംഎസ് അവസാന വർഷ വിദ്യാർഥിനിയായ നിഖിതയാണ് മരിച്ചത്. ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കോളജിലെ പ്രഫസറായ ഡോ.രാജുവുമായി നല്ല സൗഹൃദത്തിലായിരുന്നു നിഖിത. എന്നാൽ ഇവരുടെ സൗഹൃദത്തെക്കുറിച്ച് സഹപാഠികൾ അപവാദങ്ങൾ പ്രചരിപ്പിച്ചതോടെയാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് നിഖിതയുടെ പിതാവ് ഉമാശങ്കർ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.

സഹപാഠികളുടെ നിരന്തരമായ പരിഹാസങ്ങൾ നിഖിതയെ മാനസികമായി തകർത്തിരുന്നു. ഇക്കാര്യം നിഖിത വീട്ടിൽ അറിയിച്ചിരുന്നെങ്കിലും പരിഹാസങ്ങൾ അവഗണിക്കാനും പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് തങ്ങൾ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ മാനസിക സംഘർഷം സഹിക്കാനാകാത്തതോടെ ബുധനാഴ്ച നിഖിത ജീവനൊടുക്കുകയായിരുന്നു. സഹപാഠികൾക്കെതിരെ നടപടി എടുക്കണമെന്ന് ഉമാശങ്കർ പരാതിയിൽ ആവശ്യപ്പെട്ടു.