ബംഗ്‌ളാദേശില്‍ ബിഎന്‍പി അധികാരത്തിലേക്ക് ; തിരിച്ചുവരവ് ഒന്നര പതിറ്റാണ്ടിന് ശേഷം

0
8

ധാക്ക: പൊതുതിരഞ്ഞെടുപ്പ് നടന്ന ബംഗ്ലാദേശില്‍ ഖാലിദ സിയയുടെ ബിഎന്‍പി ( ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ) അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേവല ഭൂരിപക്ഷമായ 151 സീറ്റുകള്‍ നേടി ബിഎന്‍പി അധികാരമുറപ്പിച്ചു. ബിഎന്‍പി ഇതുവരെ 197 സീറ്റുകള്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍

മേുഖ്യ എതിരാളിയായ ജമാഅത്തെ ഇസ്ലാമി മുന്നണി 58 സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. പാര്‍ലമെന്റിലെ 299 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഷേര്‍പൂര്‍-3 മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. ബിഎന്‍പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും പാര്‍ട്ടി ചെയര്‍മാനുമായ താരിഖ് റഹ്മാന്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചു.

ഒന്നരപതിറ്റാണ്ടിനുശേഷം ബംഗ്ലാദേശ് രാഷ്ട്രീയത്തിലേക്ക് ബിഎന്‍പി ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ഇന്നലെ വോട്ടെടുപ്പില്‍ 47.9 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയിരുന്നത്.

ബിഎന്‍പി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്ന താരിഖ് റഹ്മാന്‍ മുന്‍ പ്രധാനമന്ത്രി അന്തരിച്ച ഖാലിദ സിയയുടെയും മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്മാന്റെയും മകനാണ്.
വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന വന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടി വന്നത്. ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്കിയിരുന്നു.

തിരഞ്ഞെടുപ്പിനൊപ്പം തന്നെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഭരണഘടനാ പരിഷ്‌കാരങ്ങള്‍ക്കായുള്ള ഹിതപരിശോധനയും നടന്നു.

വോട്ടെടുപ്പിനിടെ വിവിധയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഖുല്‍നയില്‍ ബിഎന്‍പി നേതാവ് കൊല്ലപ്പെടുകയും ഗോപാല്‍ഗഞ്ചില്‍ ബോംബാക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.