ജിദ്ദ കെഎംസിസി കുടുംബ സുരക്ഷ പദ്ധതി: ഒന്നേമുക്കാൽ കോടി രൂപ വിതരണം ചെയ്തു

ജിദ്ദ: ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റിയുടെ ‘കാരുണ്യ ഹസ്തം’ കുടുംബ സുരക്ഷ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപെട്ടവരുടെ ആശ്രിതർക്കും അംഗങ്ങളുടെ ചികിത്സക്കുമായി മലപ്പുറത്ത് നടന്ന ജിദ്ദ കെ.എം.സി.സി പ്രവർത്തക സംഗമത്തിൽ വെച്ച് ഒന്നേമുക്കാൽ കോടി രൂപയോളം വിതരണം ചെയ്തു. ഈയിടെ മരണപ്പെട്ട വള്ളികുന്ന് മണ്ഡലത്തിലെ തേഞ്ഞിപ്പാലത്തെ കുട്ടി ഹസ്സൻ പെരിച്ചിക്കരൻ്റെ കുടുംമ്പത്തിനുള്ള 5 ലക്ഷം രൂപയുടെ ചെക്ക് വള്ളികുന്ന് മണ്ടലം കെ.എം സി.സിയുടെ ഭാരവാഹികൾക്ക് കൈമാറിക്കൊണ്ട്  മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. നടപ്പുവർഷത്തിൽ പദ്ധതിയിൽ അംഗമായിരിക്കെ മരണപെട്ട 33 പ്രവാസികളുടെ കുടുംബത്തിനും 107 പേരുടെ ചികിത്സക്കുമായാണ് ഒരു കോടി അറുപത്തി ഏഴ് ലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ വിതരണം ചെയ്തത്.

നാടിൻ്റെ അഭിവൃദ്ധിക്കായ് വലിയ സംഭാവന ചെയ്ത കെ എം സി സി യോടും പ്രവാസി സമൂഹത്തോടും എന്നും രാജ്യം കടപ്പെട്ടിരിക്കുമെന്നും പ്രവാസികളുടെ കനിവില്ലെങ്കിൽ കേരളത്തിന് മുന്നോട്ട് പോവാൻ സാധ്യമല്ലാത്ത അവസ്ഥയാണെന്നും സയ്യിദ് സാദിഖലി തങ്ങൾ പറഞ്ഞു.                 ജിദ്ദ കെ.എം.സി.സിയുടെ സംഘടിത സേവനം എന്നും തങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും  സാദിഖലി  തങ്ങൾ കൂട്ടിച്ചേർത്തു. മലപ്പുറം ഭാഷാ സമര സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ ടി.വി.ഇബ്രാഹീം എം എൽ എ., പി.ഉബൈദുള്ള എം എൽ എ, അഡ്വ.യു. എ. ലത്തീഫ് എം എൽ എ, കെ.എം.സി.സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റും തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാനുമായ കെ.പി മുഹമ്മദ് കുട്ടി എന്നിവർ പ്രസംഗിച്ചു. ജിദ്ദ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡൻ്റ് വി. പി മുസ്തഫ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതം പറഞ്ഞു. ചെയർമാൻ നിസ്സാം മമ്പാട് നന്ദി രേഖപ്പെടുത്തി.

പി. എം. എ ജലീൽ, പാഴേരി കുഞ്ഞി മുഹമ്മദ്, സി.കെ.അബ്ദുറഹ്മാൻ, ഷൗക്കത്ത് ഞാറക്കോടൻ, ഗഫൂർ പട്ടിക്കാട്, മജീദ് അരിമ്പ്ര, സി.സി കരീം, ജലീൽ ഒഴുകൂർ  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജിദ്ദയിൽ നിന്നുള്ള നൂറ് കണക്കിന് കെ.എം.സി.സി പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ ഡിസംബർ 1-ന് നാട്ടിൽ വെച്ച് നടക്കുന്ന ജിദ്ദ കെ എം സി സി മഹാ സംഗമത്തിന് അന്തിമ രൂപം നൽകി. പ്രവാസികളോടുള്ള കടുത്ത വിവേചനങ്ങൾക്കെതിരെ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് സംഗമം പ്രഖ്യാപിച്ചു.