കാസർകോട്: ബേക്കൽ ബീച്ച് ഫെസ്റ്റിൽ റാപ്പർ വേടന്റെ സംഗീതപരിപാടിക്കിടെ തിക്കും തിരക്കും; തൊട്ടടുത്ത റെയിൽവേ ട്രാക്കിൽ യുവാവ് ട്രെയിൻതട്ടി മരിച്ചു. ട്രെയിൻതട്ടി മറ്റൊരാൾക്കു പരുക്കേറ്റതായും വിവരമുണ്ട്. പൊയ്നാച്ചി പറമ്പ സ്വദേശി വേണുഗോപാലന്റെ മകൻ ശിവാനന്ദാണ് (20) മരിച്ചത്.
മംഗളൂരു ഭാഗത്തേക്കു പോകുകയായിരുന്ന തിരുനെൽവേലി ജാംനഗർ എക്സ്പ്രസ് ഇടിച്ചെന്നാണു സൂചന. രാത്രി പത്തോടെ ഇതുവഴി പോയ ട്രെയിനിലെ ലോക്കോപൈലറ്റാണ് മൃതദേഹം കണ്ടത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ. തിരക്കിൽപെട്ടും കുഴഞ്ഞുവീണും പരുക്കേറ്റ ഒട്ടേറെപ്പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമാണു പരിപാടിക്കെത്തിയത്. ആളുകളെ വിവിധ ഗേറ്റുകളിലൂടെയാണു സംഘാടകർ കടത്തിവിട്ടതെങ്കിലും തിരക്കുകൂടിയതോടെ അതെല്ലാം തകർന്നു. വേടൻ വൈകിയതിനാൽ പറഞ്ഞതിലും ഒന്നരമണിക്കൂർ വൈകിയാണു പരിപാടി ആരംഭിച്ചത്. സംഗീതപരിപാടി നടന്ന ബീച്ച് പാർക്കിലേക്ക് ബേക്കൽ റെയിൽവേ സ്റ്റേഷനിൽനിന്ന് അനധികൃതമായി കയറാനുള്ള വഴികളെല്ലാം റെയിൽവേ അടച്ചിരുന്നു. എന്നാൽ, ഇതു മറികടന്ന് പാർക്കിലെത്താനുള്ള ശ്രമമാണ് അപകടത്തിനു കാരണമായതെന്നു കരുതുന്നു.





