പുതുവർഷം കളറാക്കാൻ ഒരുങ്ങി ദുബൈ, കാത്തിരിക്കുന്നത് വിസ്മയ കാഴ്ചകൾ

0
96

ദുബൈ: പുതുവർഷത്തെ വരവേൽക്കാൻ ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷങ്ങൾക്കൊരുങ്ങി ദുബൈ നഗരം. ഡിസംബർ 31ന് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 40 കേന്ദ്രങ്ങളിൽ 48 അത്ഭുതകരമായ വെടിക്കെട്ടുകൾ നടക്കുമെന്ന് ദുബൈ ഇവന്‍റ് സെക്യൂരിറ്റി കമ്മിറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷം 36 കേന്ദ്രങ്ങളിലായിരുന്നു വെടിക്കെട്ട് ഉണ്ടായിരുന്നത്.

വെടിക്കെട്ട്
ബുർജ് ഖലീഫയെയും ഡൗൺടൗൺ ദുബൈയെയും കൂടാതെ ഒട്ടേറെ കേന്ദ്രങ്ങളിൽ ഇത്തവണ ആകാശം വർണാഭമാകും. ബുർജ് അൽ അറബ്, പാം ജുമൈറ, ദുബൈ ഫ്രെയിം, എക്സ്പോ സിറ്റി, ഗ്ലോബൽ വില്ലേജ്. ദുബൈ ഫെസ്റ്റിവൽ സിറ്റി, ദുബായ് ക്രീക്ക് ഹാർബർ, ബ്ലൂവാട്ടേഴ്സ് (ജെബിആർ), അൽ സീഫ്, ഹത്ത, ടൗൺ സ്‌ക്വയർ, ലാ മെർ തുടങ്ങിയയിടങ്ങളിലും വെടിക്കെട്ട് ഉണ്ടാകും.

വൻ സുരക്ഷാ സന്നാഹം
ആഘോഷങ്ങൾ സുരക്ഷിതമായി പൂർത്തിയാക്കാൻ ദുബൈ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ ഓപ്പറേഷനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 9,884 ദുബൈ പൊലീസ് ഉദ്യോഗസ്ഥരും 13,502 സ്വകാര്യ സുരക്ഷാ ജീവനക്കാരും ഉൾപ്പെടെ ആകെ 23,000-ത്തിലധികം പേരെയാണ് വിന്യസിക്കുക. 1,625 സുരക്ഷാ പട്രോളിംഗ് വാഹനങ്ങൾ, 36 സൈക്കിൾ പട്രോളിംഗ്, 34 കുതിരപ്പട, കടലിലെ സുരക്ഷയ്ക്കായി 53 മറൈൻ റെസ്ക്യൂ ബോട്ടുകൾ എന്നിവയും സജ്ജമാണ്. 55 സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെ ഏകോപനത്തോടെയാണ് ഈ ക്രമീകരണങ്ങൾ.