പ്രവാസികളെ ഞെട്ടിച്ച് രാജ്യം: വിസ, ഇൻഷുറൻസ്, താമസ നിയമം പ്രാബല്യത്തിൽ; സന്ദർശക വീസയിൽ എത്തുന്നവർക്കും ജോലിയിൽ കയറാം

0
204

കുവൈത്ത് സിറ്റി: കുവൈത്തിൽ പരിഷ്ക്കരിച്ച താമസ നിയമങ്ങളും ചട്ടങ്ങളും പ്രാബല്യത്തിലായി. വീസ, ആരോഗ്യ ഇൻഷുറൻസ്, ദീർഘകാല താമസ സൗകര്യങ്ങൾ എന്നിവയിൽ വലിയ മാറ്റം പുതിയ നിയമത്തിലുണ്ട്. വീസ, ഇഖാമ ഫീസ് ഇരട്ടിയിലേറെയാക്കി വർധിപ്പിച്ചു.

തൊഴിൽ വീസ പുതുക്കുന്നതിനുള്ള വാർഷിക ഫീസ് 10ൽനിന്ന് 20 ദിനാറാക്കി. സന്ദർശക, ഫാമിലി, ടൂറിസ്റ്റ്, ബിസിനസ് വീസകൾക്ക് മാസത്തിൽ 10 ദിനാർ വീതം ഫീസ് നൽകണം.

ആശ്രിത വീസയിൽ ഭാര്യയെയും മക്കളെയും സ്പോൺസർ ചെയ്യാൻ വർഷം 20 ദിനാർ നൽകണം. മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരെ സ്പോൺസർ ചെയ്യുന്നതിന് വർഷം 300 ദിനാറാണ് പുതുക്കിയ ഫീസ്. സ്വന്തം സ്പോൺസർഷിപ്പ് വീസ ഫീസ് വർഷത്തിൽ 500 ദിനാറാക്കി.

ആരോഗ്യ ഇൻഷുറൻസ് ഫീസ് വർഷത്തിൽ 50 ദിനാറിൽ നിന്ന്100 ദിനാറാക്കി. ഇൻഷുറൻസ് ഇല്ലാതെ താമസ രേഖകൾ (ഇഖാമ) അനുവദിക്കുകയോ പുതുക്കുകയോ ചെയ്യില്ല. വീസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവർക്ക് പ്രതിദിനം 10 ദിനാർ വീതം പിഴ ചുമത്തും (പരമാവധി 2,000 ദിനാർ വരെ). വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിന് 15, 10, 5 വർഷ കാലാവധിയുള്ള ദീർഘകാല വീസയും അനുവദിക്കും. സന്ദർശക വീസയിൽ എത്തുന്നവർക്ക് തൊഴിൽ വീസയിലേക്ക് മാറാനും പുതിയ നിയമത്തിൽ അനുമതിയുണ്ട്.

സ്വകാര്യ മേഖലാ ജീവനക്കാർ രാജ്യം വിടുന്നതിന് മുൻപ് തൊഴിലുടമയിൽനിന്ന് ഓൺലൈനായി എക്സിറ്റ് പെർമിറ്റ് വാങ്ങണം എന്ന നിയമവും പ്രാബല്യത്തിലായി. വിദേശികളുടെ എണ്ണം നിയന്ത്രിക്കുന്നതിനും മികച്ച തൊഴിൽ സാഹചര്യം ഒരുക്കുന്നതിനുമാണ് പരിഷ്ക്കാരമെന്ന് അധികൃതർ വ്യക്തമാക്കി.