അഹമ്മദാബാദ്: പ്രണയബന്ധത്തെ എതിർത്ത പിതാവിനെ പ്രായപൂർത്തിയാകാത്ത മകൾ ഉറക്കഗുളിക കൊടുത്ത് ഉറക്കുകയും കാമുകൻ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം.
45കാരനായ ഷന ചാവ്ഡയാണ് കൊല്ലപ്പെട്ടത്. ഫോൺ കോളിനോട് പ്രതികരിക്കാതായതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചുവന്നപ്പോൾ ഷന ചാവ്ഡ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ശരീരം മുഴുവൻ കുത്തേറ്റതിന്റെ പാടുകൾ കണ്ടതോടെ പോലീസിനെ വിവരം അറിയിച്ചു.
ഷന ചാവ്ഡയുടെ കൊലപാതകത്തിൽ മകളുടെ ആൺസുഹൃത്തിന് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് സഹോദരൻ പോലീസിന് മൊഴി നൽകി. ഷന ചാവ്ഡയുടെ 17 വയസ്സ് പ്രായമുള്ള മകൾ 25 കാരനായ രഞ്ജിത്ത് വഘേല എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. മകൾ പ്രായപൂർത്തിയാകാത്തതിനാൽ പിതാവ് പ്രണയത്തെ എതിർത്തു. ഇതേത്തുടർന്ന് മകൾക്കും ആൺസുഹൃത്തിനും ഷന ചാവ്ഡയോട് പകയുണ്ടായിരുന്നുവെന്നാണ് സഹോദരൻ പോലീസിന് നൽകിയ മൊഴി.
പെൺകുട്ടിയെയും ആൺസുഹൃത്തിനെയും പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യത്തിന്റെ ചുരുളഴിയുന്നത്. തങ്ങളുടെ പ്രണയം അംഗീകരിക്കാത്തതിൽ പെൺകുട്ടിക്ക് പിതാവിനോട് കടുത്ത പകയുണ്ടായിരുന്നു. രഞ്ജിത്ത് വഘേല വരുമെന്ന് ഭയപ്പെടുന്നതിനാൽ രാത്രികാലങ്ങളിൽ മകളെ ഭാര്യയ്‌ക്കൊപ്പം കിടത്തി ഷന ചാവ്ഡ മുറിയുടെ വാതിൽ കുറ്റിയിടുമായിരുന്നു.
പെൺകുട്ടി വ്യാഴാഴ്ച രാത്രി ഭക്ഷണത്തിൽ ഉറക്ക ഗുളിക ചേർത്ത് പിതാവിനെ മയക്കിയശേഷം വെള്ളിയാഴ്ച പുലർച്ചെ രഞ്ജിത്ത് വഘേലയെയും സുഹൃത്തായ ഭവ്യ വാസവയെയും വിളിച്ചു വരുത്തുകയായിരുന്നു. രഞ്ജിത്തും സുഹൃത്തും ചേർന്ന് ഷന ചാവ്ഡയെ വീടിന് പുറത്തേക്ക് എടുത്തുകൊണ്ടു പോവുകയും കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു. ജനലിലൂടെ കൊലപാതകം കണ്ടുനിന്ന് പിതാവ് മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് പെൺകുട്ടി കിടക്കാൻ പോയത്.
മൂന്നാമത്തെ ശ്രമത്തിലാണ് പെൺകുട്ടി പിതാവിനെ കൊലപ്പെടുത്തിയതെന്ന് വഡോദര ജില്ലാ പോലീസ് സൂപ്രണ്ട് സുശീൽ അഗർവാൾ പറഞ്ഞു. ഇതിന് മുൻപും മാതാപിതാക്കളെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്. കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് ഉറക്കഗുളിക കലർത്തി ഇരുവരെയും കൊല്ലാൻ ശ്രമിച്ചു. പക്ഷേ ആ പദ്ധതി പരാജയപ്പെട്ടു. കൊലപാതകം നടന്ന ദിവസം ഉറക്ക ഗുളിക കലർത്തിയ വെള്ളം അമ്മ തുപ്പിക്കളഞ്ഞതിനാൽ അവർ രക്ഷപ്പെടുകയായിരുന്നു.
കുറച്ച് നാളുകൾക്ക് മുൻപ് രഞ്ജിത്തിനൊപ്പം പെൺകുട്ടി ഇറങ്ങിപ്പോയപ്പോൾ പിതാവ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പോക്‌സോ നിയമപ്രകാരം രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. ജാമ്യത്തിൽ പുറത്തിറങ്ങിയശേഷം, വീണ്ടും ബന്ധം സ്ഥാപിക്കുകയും പിതാവിനെ കൊന്ന് ഓടിപ്പോകാൻ പദ്ധതിയിടുകയും ചെയ്തു. ഉറക്കഗുളികകളുടെ ഉറവിടവും കുറ്റകൃത്യത്തിൽ ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കൂടാതെ മറ്റാർക്കെങ്കിലും പദ്ധതിയെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.





