കോഴിക്കോട് വിമാനത്താവളത്തിലെ അനധികൃത പാർക്കിങ് ഫീ പിൻവലിക്കണം: കൊണ്ടോട്ടി മണ്ഡലം കെഎംസിസി

ജിദ്ദ: കോഴിക്കോട് വിമാനത്താവളത്തിൽ പുതുതായി പാർക്കിംഗ് കരാർ ഏറ്റെടുത്ത കമ്പനി യാത്രക്കാരിൽ നിന്നും പാർക്കിങ്ങിൻെറ പേരിൽ അമിത ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും, കാലങ്ങളായി എയർപോർട്ടിൽ നിലനിന്നു പോന്നിരുന്ന സംവിധാനമായിരുന്ന എയർപോർട്ടിന്റെ അകത്തേക്ക് പ്രവേശിച്ച യാത്രക്കാരുടെ വാഹനങ്ങൾക്ക് അനുവദിച്ചിരുന്ന പതിനഞ്ച് മിനുട്ട് സൗജന്യ സമയം അതുപോലെ നില നിർത്തണമെന്നും, നിലവിലെ കരാറുകാർ മൂന്ന് മിനുട്ടിന് ശേഷം അഞ്ഞൂറ് രൂപ പിഴ ഈടാക്കുന്നതും , പ്രവാസികളടക്കമുള്ള യാത്രക്കാരോട് പുതിയ കരാർ കമ്പനി ജീവനക്കാർ മോശമായ രീതിയിൽ പെരുമാറുന്ന സമീപനം അവസാനിപ്പിക്കണമെന്നും ജിദ്ദ- കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി കമ്മറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു .

വിദേശങ്ങളിലേക്ക് യാത്രപോവാൻ എത്തുന്നവർക്കും, നാട്ടിലേക്ക് തിരിച്ചുവരുന്നവർക്കും അവരുടെ ബാഗേജുകൾ കയറ്റുന്നതിനോ ഇറക്കുന്നതിനോ പുതിയ പാർക്കിങ് കരാറുകാർ നൽകിയ വെറും മൂന്നു മിനുട്ട് സൗജന്യ സമയം അപര്യാപ്തമാണെന്ന് എയർപോർട്ട് അധികാരികൾക്ക് വരെ അറിയാമെന്നിരിക്കെ ഇത് വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന്ന് ആളുകളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും അനുവദിച്ച മൂന്ന് മിനിറ്റിന് ശേഷം കരാറുകാരൻ അഞ്ഞൂറ് രൂപ മുതൽ മുകളിലോട്ട് ഭീമമായ സംഖ്യ ഭീഷണി പെടുത്തി വാങ്ങുന്നതിൽ നിന്ന് കരാറുകാരെ പിന്തിരിപ്പിക്കാനും മുൻ കാലങ്ങളിൽ ഉണ്ടായിരുന്നത് പോലെ എക്സിറ്റ് ഗേറ്റിൽ നിന്ന് സമയത്തെ ആസ്‌പദമാക്കി പാർക്കിംഗ് ഫീസായി ഒരു തുക ഈടാക്കുന്ന മാന്യമായ സമീപനം നടപ്പിൽ വരുത്താനും എയർ പോർട്ട് അധികാരികളും ജന പ്രതിനിധികളും പാർക്കിംഗ് കരാറുകാർക്ക് നിർദ്ദേശം നൽകണമെന്നും പ്രസ്തുത ആവശ്യങ്ങൾക്ക് വേണ്ടി എയർപോർട്ട് ഡയറക്ടർക്കും ജനപ്രതിനിധികൾക്കും നിവേദനം നൽകാനും കൊണ്ടോട്ടി മണ്ഡലം കെ എം സി സി കമ്മറ്റി തീരുമാനി ച്ചതായും പ്രസ്താവനയിൽ അറിയിച്ചു.