വിമാന സർവ്വീസുകൾ സാധാരണ നിലയിലാക്കാൻ ശ്രമം ശക്തമാക്കി ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം

ഇന്ത്യൻ വിമാനത്താവളങ്ങളിലെ റാപ്പിഡ് പി.സി.ആർ പരിശോധന ഒഴിവാക്കണമെന്ന് യു എ ഇ യോട് ഇന്ത്യ

0
2372

അബുദാബി: ഇന്ത്യയിൽ നിന്ന് വിദേശങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ സാധാരണ നിലയിലാക്കാൻ ശ്രമം ശക്തമാക്കിയതായി വിദേശകാര്യമന്ത്രാലയം. ദുബൈയിൽ സന്ദർശനം നടത്തുന്ന വിദേശകാര്യമന്ത്രി ഡോ: എസ്. ജയ്ശങ്കർ ആണ് ഇക്കാര്യം പറഞ്ഞത്. ദുബൈ എക്സ്പോ സന്ദർശനത്തിനിടെ ഇന്ത്യൻ പവലിയനിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഡോ: എസ്. ജയ്ശങ്കർ.

ഇന്ത്യയിലെ വിമാനത്താവളങ്ങൾ വഴി വരുന്നവർക്ക് റാപ്പിഡ് പി.സി.ആർ പരിശോധന വേണമെന്ന നിബന്ധന ഒഴിവാക്കാൻ യു.എ.ഇ ദേശീയ അടിയന്തിര ദുരന്തനിവാരണ സമിതി(എൻ.സി.ഇ.എം.എ) യോട് ആവശ്യപ്പെട്ടതായി ഇന്ത്യൻ അംബാസഡർ പവൻ കപൂർ പറഞ്ഞു. ഇന്ത്യയിൽ കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞതും വാക്സിനുകൾക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതും പരിഗണിച്ച് റാപിഡ് ടെസ്റ്റ് ഒഴിവാക്കാനാണ് യു.എ.ഇ അധികൃതരോട് അഭ്യർഥിച്ചിരിക്കുന്നത്. ആവശ്യം ഗൗരവപൂർവ്വം എൻ.സി.ഇ.എം.എ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അംബാസഡർ കൂട്ടിച്ചേർത്തു.

ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളരെ വേഗത്തിൽ വളർച്ച കൈവരിക്കുന്നതിെൻറ സൂചനകളാണ് കാണുന്നതെന്നും ജനങ്ങൾ ആത്മവിശവാസത്തിലാണെന്നും ഭാവിയെ ശോഭനമാക്കാൻ ഇത് സഹായിക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. കൊവിഡ് കൈകാര്യം ചെയ്യാനുള്ള കഴിവ് വളർത്തിയെടുക്കാൻ ധാരാളം മുന്നൊരുക്കങ്ങൾ നടത്തിയതിനാൽ ഏത് സാഹചര്യവും നേരിടാൻ നാം സജ്ജമാണ്. വാക്സിനേഷനിൽ നേടിയ മുന്നേറ്റം അതിെൻറ ഭാഗമാണ് -അദ്ദേഹം പറഞ്ഞു. യു.എ.ഇ ഇന്ത്യയുടെ ഏറ്റവും സുപ്രധാന പങ്കാളിയാണെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരത്തിൽ പ്രകടമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പത്രസമ്മേളനത്തിൽ ദുബൈ കോൺസുൽ ജനറൽ ഡോ. അമൻ പുരിയും പങ്കെടുത്തു.