ഇരു ഹറമുകളുടെ സേവകൻ സൽമാൻ രാജാവ് ഭരണത്തിൽ കയറിയതിന്റെ ഏഴാം വാർഷികാഘോഷത്തിലാണ് സഊദി അറേബ്യ. സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഭരണം ഏറ്റെടുത്തതിന്റെ ഏഴാം വാർഷികമാണ് റബീഉൽ ആഖർ 03 തിങ്കളാഴ്ച ആഘോഷിക്കുന്നത്. ജ്ഞാനപൂർവകമായ നേതൃത്വത്തിൽ രാജ്യം, കൊറോണവൈറസ് മഹാമാരിയെന്ന അദൃശ്യനായ കൊലയാളിക്കെതിരെ കഠിനാധ്വാനത്തിലൂടെയുള്ള വിജയത്തിന്റെ ഫലമായി ജീവിതം സാധാരണ നിലയിലേക്ക് നീങ്ങുന്ന ഈ കാലഘട്ടത്തിലെ ചരിത്ര നിമിഷത്തിൽ പൗരന്മാരും പ്രവാസികളും ഏറെ സന്തുഷ്ടരാണ്.
നിശ്ചയദാർഢ്യത്തോടും ദൃഢതയോടും കൂടി, സൽമാൻ രാജാവ് രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും വലിയ വികസന യജ്ഞത്തിലൂടെ പൗരന്മാർക്ക് ക്ഷേമവും സമൃദ്ധിയും കൈവരിക്കാൻ ശ്രമിക്കുകയാണ്.
വാർഷിക വേളയിൽ, രാജ്യത്തെ എല്ലാ ജീവിത മേഖലകളിലും വ്യാപിച്ച മഹത്തായ വികസനവും സമൃദ്ധിയും, ഒരു ആഗോള നേതാവാകാൻ രാജ്യം കൈവരിച്ച മഹത്തായ ചുവടുകളും, പ്രത്യേകിച്ച് ജി 20 ന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനുശേഷം രാജ്യം ഓർക്കുന്നുണ്ട്.
ധീരവും ചിട്ടയായതും വേഗത്തിലുള്ളതുമായ പ്രവർത്തനത്തിലൂടെയും ആഗോള പ്രതികരണത്തിലൂടെയും വളരെ മോശമായ പ്രതിസന്ധി തടയുന്നതിലും മഹാമാരിക്കെതിരെ പോരാടുന്നതിൽ ഏറ്റവും കരുത്തുറ്റ രാജ്യങ്ങളിലൊന്നായാണ് സഊദി അറേബ്യയെ ഇന്ന് ലോകം വീക്ഷിക്കുന്നത്.
സാമ്പത്തികം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികം, ഗതാഗതം, വാർത്താവിനിമയം, വ്യാവസായികം, വൈദ്യുതി, ജലം, കാർഷിക മേഖലകളിൽ എല്ലാ മേഖലകളിലും വൻ വികസന പദ്ധതികൾക്കാണ് സൽമാൻ രാജാവ് അധികാരമേറ്റതുമുതൽ രാജ്യം സാക്ഷ്യം വഹിക്കുന്നത്. രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലും വികസിപ്പിക്കുന്നതിലും സമഗ്രമായ തീരുമാനങ്ങളാണ് രാജ്യം കൈകൊള്ളുന്നത്. അതിനാൽ ലോകത്തെ വികസിത രാജ്യങ്ങൾക്കിടയിൽ സഊദിയെ ഉന്നതിയിലാക്കുന്നു. സംരംഭങ്ങൾ, പ്രോജക്ടുകൾ എന്നിവ ഉൾപ്പെടുന്നതിനാൽ രാജ്യത്തെ നേട്ടങ്ങൾ വൈവിധ്യപൂർണ്ണമാണ്.

സൽമാൻ രാജാവിന്റെ സമർത്ഥമായ നേതൃത്വത്തിന് കീഴിൽ, രാജ്യം അതിന്റെ കൊവിഡ് പ്രതിരോധശേഷി തെളിയിക്കുകയും 70 ശതമാനം ആളുകൾ രണ്ട് ഡോസ് കൊറോണ വൈറസ് വാക്സിൻ സ്വീകരിച്ചു പ്രതിരോധ ശേഷി നേടുകയും ചെയ്തു.
മാരകമായ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ സഊദി അറേബ്യ തുടക്കം മുതൽ തന്നെ ഗൗരവമായി എടുത്തിരുന്നു. മുൻകരുതൽ തീരുമാനങ്ങളും കർശനമായ മുൻകരുതൽ നടപടികളും ഏർപ്പെടുത്തി. അനധികൃത താമസക്കാർ ഉൾപ്പെടെ എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും സൗജന്യ ചികിത്സയും വാക്സിനും നൽകിയിട്ടുണ്ട്.

ഈ വർഷം സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലിയുടെ 76-ാമത് സെഷനെ അഭിസംബോധന ചെയ്തുകൊണ്ട് സൽമാൻ രാജാവ് മഹാമാരിയെ നിയന്ത്രിക്കുന്നതിലും ലോകമെമ്പാടുമുള്ള ജനങ്ങളെ അതിന്റെ വീഴ്ചകൾ ലഘൂകരിക്കുന്നതിലും രാജ്യം നടത്തിയ ശ്രദ്ധേയമായ ശ്രമങ്ങളെ വെളിപ്പെടുത്തുകയും ചെയ്തത് ലോകം വീക്ഷിച്ചിരുന്നു.
കഴിഞ്ഞ വർഷം ജി 20 പ്രസിഡൻറായിരിക്കെ ഈ മഹാമാരിയോടുള്ള അന്താരാഷ്ട്ര പ്രതികരണത്തിന് നേതൃത്വം നൽകുന്നതിൽ സഊദി അറേബ്യ സുപ്രധാന പങ്ക് വഹിച്ചു. മഹാമാരിയെ നേരിടാനുള്ള രാജ്യങ്ങളുടെ ശ്രമങ്ങളെ സഹായിക്കുന്നതിന് 300 മില്യൺ ഡോളർ സഹായം നൽകുന്നതിനു പുറമേ, ആഗോള ശ്രമങ്ങളെ 500 മില്യൺ ഡോളർ നൽകി രാജ്യം പിന്തുണക്കുകയും ചെയ്തതും സൽമാൻ രാജാവ് എടുത്തു പറഞ്ഞു.

“അഭിവൃദ്ധി കൈവരിക്കുക, മികച്ച ഭാവി കെട്ടിപ്പടുക്കുക, ഒരു മുൻനിര സമ്പദ്വ്യവസ്ഥയും ലോകവുമായി ഇടപഴകുന്ന ചലനാത്മക സമൂഹവും സൃഷ്ടിക്കുക എന്നതാണ് സഊദി വിഷൻ 2030 ന്റെ ലക്ഷ്യമായി സൽമാൻ രാജാവിന്റെ ഭരണകാലത്തെ ശ്രദ്ധേയമായ മറ്റൊരു നേട്ടം.
അബ്ദുല്ല രാജാവിന്റെ മരണശേഷം പിൻഗാമിയായി 2015 ജനുവരി 23 നാണ് (റബീഉൽ ആഖർ 03) സൽമാൻ രാജാവ് ഭരണാധികാരിയായി ചുമതലയേറ്റത്. കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായി രണ്ടര വർഷത്തിലേറെ ചെലവഴിച്ച ശേഷമായിരുന്നു ഭരണച്ചെങ്കോൽ ഏറ്റെടുത്തത്. 2011 നവംബർ 5 നാണ് സൽമാൻ പ്രതിരോധ മന്ത്രിയായി നിയമിതനായിരുന്നത്. അതിനുമുമ്പ് അദ്ദേഹം 50 വർഷത്തിലേറെ റിയാദ് മേഖലയിലെ അമീറായിരുന്നു.
1955 ഏപ്രിൽ 18-നാണ് സൽമാൻ രാജാവ് റിയാദ് മേഖലയുടെ അമീറായി ചുമതലയേറ്റത്. തന്റെ ഭരണത്തിന്റെ അഞ്ച് ദശാബ്ദങ്ങളിൽ, ഏകദേശം 200,000 ജനങ്ങളുള്ള ഒരു ഇടത്തരം പട്ടണത്തിൽ നിന്ന് ഈ പ്രദേശത്തെ അറബ് രാജ്യങ്ങളിലെ അതിവേഗം വളരുന്ന തലസ്ഥാനങ്ങളിലൊന്നായി മാറ്റുന്നതിന് അദ്ദേഹം മേൽനോട്ടം വഹിച്ചു. ഇന്ന് റിയാദിലെ ജനസംഖ്യ ഏഴ് ദശലക്ഷം കവിഞ്ഞതയാണ് കണക്കുകൾ.
ഹൈവേകൾ, ആധുനിക റോഡുകൾ, സ്കൂളുകൾ, ആശുപത്രികൾ, സർവ്വകലാശാലകൾ, മ്യൂസിയങ്ങൾ, സ്പോർട്സ് സ്റ്റേഡിയങ്ങൾ, വിനോദ നഗരങ്ങൾ തുടങ്ങി നിരവധി പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ പൂർത്തീകരണത്തിന് അദ്ദേഹത്തിന്റെ ഭരണകാലത്ത് റിയാദ് സാക്ഷ്യം വഹിച്ചു.
രാജാവായി ഏഴാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തുടങ്ങിവെച്ച സ്വപ്ന പദ്ധതികൾക്ക് കീഴിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ 10 നഗരങ്ങളിലൊന്നായി റിയാദ് കുതിച്ചുയരുകയാണ്.




