റിയാദ്: “അബ്ഷിർ” വഴി കൂടുതൽ ട്രാഫിക് സർവ്വീസുകൾ എളുപ്പത്തിലാക്കി ട്രാഫിക് വിഭാഗം. വാഹന വിൽപ്പന, വാങ്ങൽ, ലൈസൻസ് എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കാണ് വളരെ എളുപ്പത്തിൽ തന്നെ അബ്ഷിർ പ്ലാറ്റ്ഫോം വഴി സംവിധാനം ഏർപ്പെടുത്തിയത്. “അബ്ഷിർ” പ്ലാറ്റ്ഫോം വഴിയുള്ള ഡ്രൈവിംഗ് സ്കൂളുകൾക്കുള്ള ഏകീകൃത രജിസ്ട്രേഷൻ സേവനത്തിലാണ് പുതിയ സംവിധാനം.
“അബ്‌ഷഷിർ” പ്ലാറ്റ്‌ഫോമിൽ ഡ്രൈവിംഗ് സ്‌കൂൾ അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാൻ കഴിയുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി. ഓരോ പ്രദേശത്തെയും ലഭ്യമായ സ്‌കൂളുകൾക്കും ഏരിയകൾക്കും അനുസൃതമായി അബ്ഷിർ ഇലക്ട്രോണിക് സേവനങ്ങളിലൂടെയാണ് അപോയിന്റ്മെന്റ് എടുക്കേണ്ടത്.
വാഹനങ്ങളുടെ ആനുകാലിക പരിശോധന ആവശ്യമില്ലാതെ തന്നെ വാഹനങ്ങൾ ഇലക്ട്രോണിക് രീതിയിൽ കൈമാറ്റം ചെയ്യാനും വിൽക്കാനും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പുതിയ സംവിധാനത്തിലൂടെ അനുവദിച്ചിട്ടുണ്ട്. കൂടാതെ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തവർക്ക് വാഹനം രജിസ്റ്റർ ചെയ്യാനും സാധിക്കും. എന്നാൽ, സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരുടെ അംഗീകാരം ഇതിന് വേണ്ടി വരും.




