ദക്ഷിണേന്ത്യയിൽ വൈജ്ഞാനിക വിപ്ലവത്തിന് തുടക്കം കുറിച്ചത് ജാമിഅ നൂരിയ്യ: ഓണമ്പിള്ളി ഫൈസി

ജിദ്ദ: പഴയ തലമുറയിലെ ഉലമാക്കളും ഉമറാക്കളും ഐക്യത്തോടെ കഷ്ടപ്പെട്ട് പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ് കേരളീയ മുസ്‌ലിംകള്‍ വൈജ്ഞാനിക മേഖലയില്‍ ബഹു ദൂരം മുന്നേറിയതെന്നും ദ​ക്ഷി​ണേ​ന്ത്യ​യി​ൽ വൈ​ജ്ഞാ​നി​ക വി​പ്ല​വ​ത്തി​ന്​ തു​ട​ക്കം കു​റി​ച്ചത് പട്ടിക്കാട് ജാമിഅ നൂരിയ്യയാണെന്നും പ്രമുഖ പണ്ഡിതനും സമസ്ത എറണാകുളം ജില്ല ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു. നിരവധി വെല്ലുവിളികള്‍ നേരിടുന്ന വർത്തമാന കാലത്ത് ഉലമ – ഉമറ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബി കോളേജ് ജിദ്ദ ചാപ്റ്റർ നല്‍കിയ സ്വീകരണത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സമസ്ത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ കേരളത്തിലും പുറത്തുമായി പതിനൊന്നായിരം മദ്രസ കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മദ്രസകള്‍ ആരംഭിക്കാന്‍ മുന്‍ കൈ എടുത്തത് മുസ്‌ലിം ലീഗ് നേതാവായിരുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങൾ ആയിരുന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ ഇസ്ലാമിക കലാലയമായ പട്ടിക്കാട് ജാമിഅ നൂരിയ്യ സ്ഥാപിക്കാന്‍ തന്റെ തൊപ്പി കാണിച്ച് പൊതു ജനങ്ങളില്‍ നിന്നും പിരിവ് നടത്തിയ ആളായിരുന്നു മുന്‍ മുഖ്യമന്ത്രി കൂടിയായ സി. എച്ച് മുഹമ്മദ് കോയ സാഹിബ് എന്നും ഓണമ്പിള്ളി ഫൈസി വിശദീകരിച്ചു. മത – ഭൗതിക വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ മുന്നേറ്റം നടത്താന്‍ ഐക്യത്തോടെയുള്ള പ്രവര്‍ത്തനം തുടരണമെന്നും സോഷ്യല്‍ മീഡിയ വഴി അനൈക്യം ഉണ്ടാക്കുന്ന പ്രവര്‍ത്തനം നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളീയ മുസ്‌ലിലിം കളുടെ മത – രാഷ്ട്രീയ പുരോഗതിയില്‍ പാണക്കാട് സയ്യിദ് കുടുംബം വഹിച്ച പങ്ക് നിസ്തുലമാണെന്നും അദ്ദേഹം വിശദീകരിച്ചു. സമാഗതമായ സമസ്ത നൂറാം വാര്‍ഷികം വിജയിപ്പിക്കാന്‍ എല്ലാവരും ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

ആധുനിക കാലഘട്ടത്തില്‍ പഠന സൗകര്യങ്ങള്‍ ഏറെ വര്‍ധിച്ചിട്ടുണ്ടെന്നും ഇന്റര്‍നെറ്റ് സൗകര്യം ഖുര്‍ആന്‍, ഹദീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ പുതു തലമുറ ഉപയോഗപ്പെടുത്തണമെന്നും സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷപ്രഭാഷണത്തിൽ പറഞ്ഞു.

ഷറഫിയ്യയിൽ വെച്ച് നടന്ന പരിപാടി ജിദ്ദ ജാമിഅ ചാപ്റ്റർ പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഫൈസി ഓണമ്പിള്ളി യോഗം ഉദ്ഘാടനം ചെയ്തു. ട്രഷറർ മുജീബ് പൂന്താവനം, മുഹമ്മദലി മുസ്‌ലിയാർ കാപ്പ്, അബ്ദുൽ ലത്തീഫ് കാപ്പ് എന്നിവർ ആശംസകൾ നേർന്നു. അഷ്‌റഫ് മുല്ലപ്പള്ളി സ്വാഗതവും മുസ്തഫ കോഴിശ്ശേരി നന്ദിയും പറഞ്ഞു.