റിയാദ്: സഊദി അറേബ്യയില്‍ മാസ്ക് ധരിക്കൽ നിർബന്ധമില്ലാത്ത സ്ഥലങ്ങളും കൊവിഡ് പ്രതിരോധ ഇളവുകളും എവിടെയൊക്കെയെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം. മാസ്ക് ധരിക്കുന്നത് ഒഴിവാക്കിയത് പൊതു സ്ഥലങ്ങളില്‍ മാത്രമാണെന്നും പൊതു പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കൽ നിർബന്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി. പൊതു പരിപാടികളിൽ മാസ്ക് ധരിക്കാതിരിക്കൽ നിയമലംഘനമായി കണക്കാക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പ്രതിരോധ നടപടികളിൽ നേരത്തെ നൽകിയ ഇളവുകളുമായി ബന്ധപ്പെട്ടാണ് ആഭ്യന്തര മന്ത്രാലയം കൂടുതൽ വ്യക്തത വരുത്തിയത്.
പൊതു പാര്‍ക്കുകളും നടപ്പാതകളും പൊതുസ്ഥലങ്ങളായാണ് പരിഗണിക്കുന്നത്. അതേസമയം, അഞ്ഞൂറിലധികം ആളുകളെ ഉള്‍ക്കൊള്ളുന്ന കളിസ്ഥലങ്ങളും പൊതുപരിപാടികള്‍ നടക്കുന്ന ഇടങ്ങളും പൊതുസ്ഥലമായി കണക്കാകുകയില്ല. അതിനാൽ ഇവിടങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. സ്റ്റേഡിയങ്ങളിലും വലിയ ഇവന്റ് ഹാളുകളിലും പ്രവേശിക്കുന്നവർ മാസ്ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കി.
തവക്കൽന ഇമ്യൂൺ സ്റ്റാറ്റസ് പരിശോധിക്കാത്ത പള്ളികൾ, പച്ചക്കറി, കന്നുകാലി ചന്തകൾ, മത്സ്യ മാർക്കറ്റുകൾ, അറവുശാലകൾ, എന്നിവയുൾപ്പെടെയുള്ള പൊതു സംവിധാന മാർക്കറ്റുകൾ എന്നിവിടങ്ങളിൽ മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക എന്നിവ ഉൾപ്പെടെയുള്ള എല്ലാ മുൻകരുതൽ നടപടികളും പാലിക്കണം.
അതോടൊപ്പം ചെറിയ കടകൾ, ഇലക്ട്രിക്കൽ, കാർപന്ററി, പ്ലംബിംഗ് കടകൾ, കാർ വർക്ക് ഷോപ്പുകൾ, പാസേജുകൾ, വാണിജ്യ സമുച്ചയങ്ങളുടെ തുറന്ന യാർഡുകൾ എന്നിവിടങ്ങളിൽ എല്ലാം മാസ്കും അകലം പാലിക്കലും തുടരണമെന്നും മന്ത്രാലയം ഓർമ്മപ്പെടുത്തി.




